ഗോളുമായ് ഹസാർഡ്, ക്രിസ്റ്റ്യാനോയും സംഘവും പുറത്ത്!
നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയം പോർച്ചുഗല്ലിനെ കീഴടക്കിയത്.തോർഗൻ ഹസാർഡാണ് ബെൽജിയത്തിന്റെ വിജയഗോൾ കണ്ടെത്തിയത്. ജയത്തോടെ ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ഇറ്റലിയാണ് ക്വാർട്ടറിൽ ബെൽജിയത്തിന്റെ എതിരാളികൾ.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പോർച്ചുഗല്ലിന് കഴിഞ്ഞുവെങ്കിലും ഗോൾ നേടാനാവാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.
Boem boem Toto 💥 #DEVILTIME #BELPOR #EURO2020 pic.twitter.com/mpquXywftS
— Belgian Red Devils (@BelRedDevils) June 27, 2021
മത്സരത്തിന്റെ 42-ആം മിനുട്ടിലായിരുന്നു തോർഗൻ ഹസാർഡ് ബെൽജിയത്തിന് വേണ്ടി വല കുലുക്കിയത്. മുനിയർ നീക്കി നൽകിയ പന്ത് ഒരു തകർപ്പൻ ഷോട്ടിലൂടെ തോർഗൻ വലയിൽ എത്തിക്കുകയായിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡി ബ്രൂയിൻ കളം വിട്ടത് ബെൽജിയത്തിന്റെ പ്രകടനത്തെ ബാധിച്ചു. സമനില ഗോളിന് വേണ്ടി പോർച്ചുഗൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന മിനിറ്റുകളിൽ പറങ്കിപട ആക്രമണം കടുപ്പിച്ചുവെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഗോൾ കീപ്പർ തിബൗട്ട് കോർട്ടുവയും ഗോൾപോസ്റ്റുമെല്ലാം പോർച്ചുഗല്ലിന് വിലങ്ങുതടിയാവുകയായിരുന്നു.ഒടുവിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ക്വാർട്ടർ പോലും കാണാതെ പുറത്തായി.