ഖത്തർ വേൾഡ് കപ്പ് ആര് നേടും? മഷെരാനോ പറയുന്നു!

അർജന്റീനയുടെ ഇതിഹാസതാരമായ ഹവിയർ മഷെരാനോ നിലവിൽ പരിശീലക വേഷത്തിലാണുള്ളത്. അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനാണ് മഷെരാനോ. മാത്രമല്ല ഖത്തർ വേൾഡ് കപ്പിന്റെ അംബാസിഡർമാരിൽ ഒരാൾ കൂടിയാണ് ഈ ഇതിഹാസതാരം. അർജന്റീനക്ക് വേണ്ടി നാല് വേൾഡ് കപ്പുകളിൽ ബൂട്ടണിയാൻ മഷെരാനോക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും കഴിഞ്ഞ ദിവസം പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബ്ലോക്ക് മഷെരാനോ ഒരു അഭിമുഖം നൽകിയിരുന്നു. വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകൾ ആരൊക്കെയാണ് എന്നത് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. തന്റെ രാജ്യമായ അർജന്റീനയെ അദ്ദേഹം ഫേവറേറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ബ്രസീൽ,ഫ്രാൻസ് എന്നിവരെയൊക്കെയും മഷെരാനോ പരാമർശിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റ്കളിൽ ഒന്ന് അർജന്റീനയിൽ തന്നെയാണ്. എനിക്ക് ഇത്തവണ അർജന്റീനയിൽ ഒരുപാട് വിശ്വാസമുണ്ട്. കൂടാതെ ബ്രസീലും ഫ്രാൻസും കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ തന്നെയാണ്.ഇംഗ്ലണ്ട്,സ്പെയിൻ, ബെൽജിയം എന്നിവരെയും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താം ” ഇതാണ് മഷെരാനോ പറഞ്ഞിട്ടുള്ളത്.

2006 മുതൽ 2018 വരെ നടന്നിട്ടുള്ള നാല് വേൾഡ് കപ്പുകളിലും ഇദ്ദേഹം അർജന്റീനയുടെ പ്രതിരോധനിരയിലുണ്ടായിരുന്നു. 2014 ലെ വേൾഡ് കപ്പിൽ അർജന്റീന രണ്ടാം സ്ഥാനം നേടിയപ്പോൾ അതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് മഷെരാനോ.മാത്രമല്ല യൂറോപ്യൻ വമ്പൻമാരായ എഫ്സി ബാഴ്സലോണ,ലിവർപൂൾ എന്നിവർക്ക് വേണ്ടിയൊക്കെ കളിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *