ഖത്തർ വേൾഡ് കപ്പിന് ശേഷം സ്കലോണിയുടെ ഭാവി എന്താവും? AFA പ്രസിഡന്റ്‌ പറഞ്ഞത് ഇങ്ങനെ!

2018ലെ റഷ്യൻ വേൾഡ് കപ്പിലെ മോശം പ്രകടനത്തിന് ശേഷമായിരുന്നു അർജന്റീന തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് ലയണൽ സ്കലോണിയെ നിയമിച്ചത്. യഥാർത്ഥത്തിൽ അതൊരു മാറ്റത്തിന് തുടക്കമായിരുന്നു. ദീർഘ കാലത്തിനു ശേഷം അർജന്റീനക്ക് ഒരു കിരീടം നേടി കൊടുക്കാൻ സ്‌കലോണിക്ക് സാധിച്ചു. മാത്രമല്ല നിലവിൽ ഒരു വലിയ അപരാജിത കുതിപ്പാണ് അർജന്റീന നടത്തുന്നത്.

ഏതായാലും വരുന്ന ഖത്തർ വേൾഡ് കപ്പിനെ വലിയ പ്രതീക്ഷയോട് കൂടിയാണ് അർജന്റീനയും സ്‌കലോണിയും നോക്കികാണുന്നത്.എന്നാൽ ഈ വേൾഡ് കപ്പിന് ശേഷം സ്‌കലോണിയുടെ ഭാവി എന്താവുമെന്നുള്ളത് അവ്യക്തമായിരുന്നു.എന്നാലിപ്പോൾ AFA യുടെ പ്രസിഡന്റായ ക്ലോഡിയോ ടാപ്പിയ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ വേൾഡ് കപ്പിന് ശേഷവും സ്‌കലോണി അർജന്റീനയിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” AFA യുടെ ഇപ്പോഴത്തെ പ്രൊജക്റ്റ് നിങ്ങൾ ഒന്ന് ശ്രദ്ധിച്ചുനോക്കൂ. എട്ടോ പത്തോ വർഷത്തേക്കുള്ള ഒരു സ്‌ക്വാഡ് ഇപ്പോൾ അർജന്റീനയുടെ ദേശീയ ടീമിനുണ്ട്.സ്‌കലോണിക്ക് കീഴിൽ കളിക്കുന്ന അണ്ടർ 23 താരങ്ങളെ നിങ്ങളൊന്ന് ശ്രദ്ധിച്ചുനോക്കൂ, ഒരുപാട് പേരുണ്ട്. അത് നിങ്ങളുടെ മനസ്സിന് സമാധാനമാണ് നൽകുന്നത്. തീർച്ചയായും ഈ വേൾഡ് കപ്പിന് ശേഷവും സ്‌കലോണി തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ കാര്യങ്ങൾ എങ്ങനെയാണ് വികസിക്കുന്നത് എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. പേരുകൾക്കുമപ്പുറം ഈ പ്രോജക്ട് ഞങ്ങൾ ഇങ്ങനെ തുടർന്ന് കൊണ്ടു പോകേണ്ടതുണ്ട് ” ഇതാണ് AFA പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ഫൈനലിസിമ മത്സരത്തിനുള്ള ഒരുക്കത്തിലാണ് അർജന്റീനയുള്ളത്. ഇറ്റലിയെ പരാജയപ്പെടുത്തി കൊണ്ട് കിരീടം ചൂടാനായാൽ അത് സ്‌കലോണിക്ക് വലിയ ആത്മവിശ്വാസമായിരിക്കും നൽകുക.

Leave a Reply

Your email address will not be published. Required fields are marked *