ക്രോയേഷ്യയെ തരിപ്പണമാക്കി പോർച്ചുഗൽ, നിറംമങ്ങിയ ജയവുമായി ഇംഗ്ലണ്ട് !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗലിന് തകർപ്പൻ ജയം. വേൾഡ് കപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തു വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും ഉജ്ജ്വലപ്രകടനമാണ് നിലവിലെ ചാമ്പ്യൻമാർ പുറത്തെടുത്തത്. ക്രോയേഷ്യയെ നിഷ്പ്രഭമാക്കിയ മത്സരത്തിൽ ഹാവോ കാൻസിലോ, ഡിയോഗോ ജോറ്റ, ഹോവോ ഫെലിക്സ്, ആൻഡ്രേ സിൽവ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ക്രോയേഷ്യയുടെ ആശ്വാസഗോൾ ബ്രൂണോ പെറ്റ്കോവിച്ചിന്റെ വകയായിരുന്നു. സൂപ്പർ താരങ്ങളായ റാക്കിറ്റിച്ച്, മോഡ്രിച് എന്നിവരുടെ അഭാവം ക്രോയേഷ്യക്ക് വിനയാവുകയായിരുന്നു.

പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനം ഇന്നലെ ഏറെ പ്രശംസ പിടിച്ചു പറ്റി. റൊണാൾഡോയുടെ അഭാവത്തിലും ടീം ഒന്നടങ്കം മിന്നും പ്രകടനം കാഴ്ച്ചവെച്ചത് ആരാധകർക്ക് ആശ്വാസം നൽകിയ ഒന്നാണ്. ഇതോടെ ഗ്രൂപ്പ്‌ മൂന്നിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് എത്തി. മൂന്ന് പോയിന്റ് തന്നെയുള്ള ഫ്രാൻസ് ആണ് രണ്ടാം സ്ഥാനത്ത്. അതേ സമയം ഇന്നലെ ഗ്രൂപ്പ്‌ രണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിന് നിറം മങ്ങിയ വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലീഷ് പട ഐസ്ലാന്റിനെ തകർത്തത്. ഈ ഗോൾ അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു. 91-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സ്റ്റെർലിങ് ലക്ഷ്യം കണ്ടു. എന്നാൽ 93-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ തന്നെ സമനില നേടാനുള്ള അവസരം ഐസ്ലാന്റിന് ലഭിച്ചുവെങ്കിലും ബിർക്കിർ പെനാൽറ്റി പാഴാക്കുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *