ക്രിസ്റ്റ്യാനോ വിരമിക്കുകയാണോ? പോർച്ചുഗൽ കോച്ച് പറയുന്നു!

ഇന്നലെ യൂറോ കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഫ്രാൻസായിരുന്നു പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പുറത്താവുകയും എംബപ്പേയും സംഘവും സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഏറെ നിരാശപ്പെടുത്തിയ ഒരു യൂറോ കപ്പ് ആണ് ഇത്. 5 മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഇന്നലെ ഒരു ഗോൾഡൻ ചാൻസ് അദ്ദേഹം നഷ്ടപ്പെടുത്തുകയും ചെയ്തു.ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ റൊണാൾഡോക്ക് പ്ലാനുകൾ ഉണ്ടോ എന്ന് മത്സരശേഷം പോർച്ചുഗൽ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.അദ്ദേഹം തന്റെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.റോബർട്ടോ മാർട്ടിനസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ തന്നെ അതിനെക്കുറിച്ച് സംസാരിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം ആ താരം ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിച്ചാൽ അത് നേരത്തെ ആയിപോവും “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇത് തന്റെ അവസാനത്തെ യൂറോ കപ്പ് ആണ് എന്നത് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.പക്ഷേ യൂറോ കപ്പിന് ശേഷവും ടീമിൽ തന്നെ തുടരാൻ അദ്ദേഹത്തിന് പ്ലാനുകൾ ഉണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. അടുത്ത വേൾഡ് കപ്പിൽ കളിക്കാനുള്ള ശ്രമങ്ങൾ റൊണാൾഡോയുടെ ഭാഗത്തുനിന്നുണ്ടായേക്കും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ആദ്യമായാണ് ഒരു മേജർ ഇന്റർനാഷണൽ ടൂർണമെന്റിൽ റൊണാൾഡോക്ക് ഗോൾ അടിക്കാൻ സാധിക്കാതെ പോകുന്നത്. നിലവിൽ അദ്ദേഹം തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *