ക്രിസ്റ്റ്യാനോ മാത്രമല്ല പോർച്ചുഗൽ, പരിശീലകൻ പറയുന്നു!
നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഇന്ന് രണ്ടാം മത്സരത്തിനൊരുങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ജർമ്മനിയെയാണ് പറങ്കിപ്പടക്ക് നേരിടേണ്ടത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ പോർച്ചുഗല്ലിന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സാധിക്കും. എന്നാൽ ജർമ്മനിയെ മറികടക്കുക എന്നുള്ളത് വലിയ വെല്ലുവിളിയാണ് പോർച്ചുഗല്ലിന് സൃഷ്ടിക്കുക. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ വലിയ പ്രതീക്ഷകളാണ് പോർച്ചുഗൽ വെച്ച് പുലർത്തുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ മാത്രമല്ല പോർച്ചുഗൽ എന്നോർമിപ്പിച്ചിരിക്കുകയാണ് പരിശീലകനായ ഫെർണാണ്ടോ സാന്റോസ്. പോർച്ചുഗൽ ഒരു ടീമാണെന്നും ടീമിലെ എല്ലാവരെയും താൻ പ്രചോദിപ്പിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
The Portugal boss denies they are a one man teamhttps://t.co/dCcaNdoRMb
— PA Dugout (@PAdugout) June 18, 2021
“പോർച്ചുഗൽ ഒരു ടീമാണ്, അല്ലാതെ ക്രിസ്റ്റ്യാനോ മാത്രമല്ല.ഈ ടീമിനെ ഓർത്ത് പോർച്ചുഗൽ അഭിമാനിക്കുന്നുണ്ട്.ടീമിലെ എല്ലാവരെയും ഞാൻ പ്രചോദിപ്പിക്കേണ്ടതുണ്ട്.ബെഞ്ചിലിരിക്കുന്ന താരങ്ങളെ പോലും മോട്ടിവേറ്റ് ചെയ്യണം.ജർമ്മനി അപകടകാരികളായ ടീമാണ്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസ് ജർമ്മനിക്കെതിരെ നല്ല രീതിയിൽ ലോങ്ങ് ബോളുകൾ വഴി കളിച്ചിരുന്നു. ഒരുപക്ഷെ ആ തന്ത്രം പയറ്റാൻ ഞങ്ങളും ശ്രമിച്ചേക്കും.പക്ഷേ ഞങ്ങൾ പന്ത് കൈവശം വെക്കേണ്ടതുണ്ട്.കൂടുതൽ മുന്നേറ്റങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. പക്ഷേ അതോടൊപ്പം ജർമ്മനി സൂക്ഷിക്കാനും ഞങ്ങൾ ശ്രമിക്കണം ” പോർച്ചുഗൽ പരിശീലകൻ പറഞ്ഞു.