ക്രിസ്റ്റ്യാനോ എഫെക്ട്,കൊക്കോ കോളയുടെ മൂല്യം കുത്തനെയിടിഞ്ഞു!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരൊറ്റ പ്രവർത്തി തങ്ങൾക്ക് ഇത്രയും വലിയ ആഘാതം സൃഷ്ടിക്കുമെന്ന് കൊക്കോകോള സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ലോകത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെലുത്തുന്ന സ്വാധീനത്തിനുള്ള തെളിവാണ് ഇന്നലെ കണ്ടത്. ഭീമൻമാരായ കൊക്കോകോളയുടെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. കാരണമെന്തെന്ന് ചോദിച്ചാൽ റൊണാൾഡോയുടെ ചെറിയൊരു പ്രവർത്തിയായിരുന്നു. ഹങ്കറിയെ നേരിടുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനെത്തിയ റൊണാൾഡോ കണ്ടത് മുമ്പിൽ രണ്ട് കൊക്കോ കോള ബോട്ടിലുകൾ ആയിരുന്നു. ഉടൻ തന്നെ അത്‌ മാറ്റി അവിടെ വാട്ടർ ബോട്ടിലുകൾ സ്ഥാപിക്കുകയായിരുന്നു. വെള്ളം കുടിക്കുന്നതാണ് നല്ലത് എന്ന നിർദേശവും റൊണാൾഡോ നൽകി.

ഇത്‌ പിന്നീട് സോഷ്യൽ മീഡിയയിൽ വൻ ജനശ്രദ്ധ നേടുകയായിരുന്നു. ഇതോടെ കൊക്കോ കോളയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് നാല് ബില്യൺ ഡോളറോളമാണ് കൊക്കോ കോളക്ക് ഇടിവ് സംഭവിച്ചത്.കൊക്കോകോളയുടെ ഷെയർ 56.10 ഡോളറിൽ നിന്നും 55.22 ഡോളറായി കുറയുകയായിരുന്നു.അതായത് 242 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ വാല്യൂ പിന്നീട് 238 ബില്യൺ ഡോളറായി കുറയുകയായിരുന്നു. റൊണാൾഡോ മനഃപൂർവം ഇത്തരം കാര്യങ്ങൾ ഉദ്ദേശിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ജനസ്വാധീനമാണ് ഇതിലൂടെ തെളിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *