ക്രിസ്റ്റ്യാനോ ഉടൻ വിരമിക്കണം: ആവിശ്യവുമായി ഇതിഹാസങ്ങൾ
ഇത്തവണത്തെ യൂറോ കപ്പ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വളരെയധികം നിരാശാജനകമായിരുന്നു. എന്തെന്നാൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിട്ടുണ്ട്. 5 മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. പോർച്ചുഗലിന്റെ പുറത്താവലിൽ അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കാൻ റൊണാൾഡോ ഒരുക്കമല്ല.
അടുത്ത വേൾഡ് കപ്പ് കൂടി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് റൊണാൾഡോ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തോട് ഉടൻതന്നെ വിരമിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസങ്ങൾ.ഗാരി നെവിൽ,ഇയാൻ റൈറ്റ് എന്നിവരാണ് റൊണാൾഡോയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീനും ഇക്കാര്യം ആവിശ്യപ്പെട്ടിട്ടുണ്ട്.
ഒരു മികച്ച നിര ഉണ്ടായിട്ടും പോർച്ചുഗൽ ഇത്തവണ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഡിയോഗോ ജോട്ടക്ക് അവസരങ്ങൾ ലഭിച്ചില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ നിലയിൽ തുടരാൻ കഴിയില്ല.പഴയപോലെ അദ്ദേഹത്തിന് ഇപ്പോൾ ഒന്നും സാധിക്കുന്നില്ല.അദ്ദേഹം വിരമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,ഇതാണ് ഇയാൻ റൈറ്റ് പറഞ്ഞിട്ടുള്ളത്.
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും റൊണാൾഡോ പടിയിറങ്ങാൻ സമയമായി. ഇപ്പോൾ 10 പേരുമായാണ് യഥാർത്ഥത്തിൽ അവർ കളിക്കുന്നത്. ക്ലബ്ബ് കരിയറിൽ തുടരാം. എത്രയോ താരങ്ങൾ നേരത്തെ തന്നെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാറുണ്ടല്ലോ? ഇതാണ് കീൻ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നമ്മൾ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്.പക്ഷേ ഇപ്പോൾ അദ്ദേഹം ശരിക്കും ഒരു ഭാരമാണ്.സഹതാരങ്ങൾക്കും അങ്ങനെയാണ് അനുഭവപ്പെടുന്നത്.അദ്ദേഹത്തിന്റെ സാന്നിധ്യം പോർച്ചുഗലിന് തിരിച്ചടിയാവുകയാണ് ചെയ്തിട്ടുള്ളത്,ഇതാണ് ഗാരി നെവിൽ പറഞ്ഞിട്ടുള്ളത്.
സ്കൈ സ്പോർട്സിന്റെ ചർച്ചയിലാണ് ഈ അഭിപ്രായങ്ങൾ അവർ പങ്കുവെച്ചിട്ടുള്ളത്. പക്ഷേ നിലവിൽ റൊണാൾഡോ വിരമിക്കാൻ പ്ലാനുകൾ ഇല്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.