ക്രിസ്റ്റ്യാനോ അടുത്ത വേൾഡ് കപ്പ് കളിക്കുമോ? വിരമിക്കൽ പ്ലാനുകൾ ഇങ്ങനെ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ സൗദി അറേബ്യൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്.8 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 5 അസിസ്റ്റുകളുമാണ് റൊണാൾഡോയുടെ സമ്പാദ്യം. തന്റെ ഗോളടി മികവിനോ പ്രകടന മികവിനോ യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് റൊണാൾഡോ ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

പക്ഷേ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് ഉള്ളത് എന്നത് ഒരു വസ്തുതയാണ്.ക്രിസ്റ്റ്യാനോ എന്ന് വിരമിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നത് ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ സൗദി അറേബ്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് അൽ നസ്റുമായുള്ള തന്റെ കോൺട്രാക്ട് 2027 വരെ പുതുക്കാൻ റൊണാൾഡോക്ക് താല്പര്യമുണ്ട്.

അത് അദ്ദേഹം ക്ലബ്ബിനെ അറിയിച്ചിട്ടുമുണ്ട്. 2027ൽ അഥവാ തന്റെ 42ആം വയസ്സിൽ അൽ നസ്റിൽ വെച്ച് വിരമിക്കാനാണ് റൊണാൾഡോയുടെ പദ്ധതികൾ എന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനർത്ഥം 2026 ലെ വേൾഡ് കപ്പ് കളിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട്.ആ സമയത്ത് അദ്ദേഹത്തിന് 41 വയസ്സായിരിക്കും. ഇനിയും 3 വർഷങ്ങൾ കൂടി കടന്നു പോകേണ്ടതിനാൽ റൊണാൾഡോ ആ വേൾഡ് കപ്പിൽ ഉണ്ടാകും എന്നത് ഉറപ്പിച്ച് പറയാൻ കഴിയില്ല. പക്ഷേ അതിൽ പങ്കെടുക്കാൻ റൊണാൾഡോക്ക് ആഗ്രഹമുണ്ട്.

അതിന് അദ്ദേഹം ചെയ്യേണ്ട കാര്യം ഹൈ ലെവലിൽ കളിക്കുക എന്നുള്ളത് തന്നെയാണ്.നിലവിൽ തകർപ്പൻ പ്രകടനം നടത്തുന്ന റൊണാൾഡോ തന്റെ ഫോമിൽ ഇടിവ് സംഭവിക്കാതിരിക്കാൻ നോക്കേണ്ടതുണ്ട്. പോർച്ചുഗലിന്റെ പരിശീലകനായ റോബെർട്ടോ മാർട്ടിനസ് ഇപ്പോഴും വളരെയധികം പ്രാധാന്യം നൽകുന്ന താരമാണ് റൊണാൾഡോ. അതുകൊണ്ടുതന്നെ അടുത്തവർഷം ജർമ്മനിയിൽ വച്ച് നടക്കുന്ന യൂറോ കപ്പിൽ റൊണാൾഡോ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *