ക്രിസ്റ്റ്യാനോയോ മെസ്സിയോ? GOAT ഡിബേറ്റിൽ പ്രതികരിച്ച് ഡെക്കോ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരുപാട് കാലം പോർച്ചുഗൽ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഡെക്കോ. 2003 മുതൽ 2010 ഒരു ഇദ്ദേഹം പോർച്ചുഗൽ ദേശീയ ടീമിൽ ഉണ്ടായിരുന്നു.മാത്രമല്ല ബാഴ്സലോണക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.2004 മുതൽ 2008 വരെയാണ് ഇദ്ദേഹം ലയണൽ മെസ്സിക്കൊപ്പം കളിച്ചിട്ടുള്ളത്. അങ്ങനെ രണ്ടുപേരുടെയും ഒരു സുഹൃത്ത് കൂടിയാണ് ഡെക്കോ.നിലവിൽ അദ്ദേഹം ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറാണ്.

ആരാണ് ഏറ്റവും മികച്ചത്? അവസാനിക്കാത്ത ചോദ്യം ഡെക്കോയോടും ചോദിക്കപ്പെട്ടിരുന്നു.എന്നാൽ രണ്ടുലൊരാളെ തിരഞ്ഞെടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇത്തരത്തിലുള്ള താരതമ്യത്തിന്റെ ആവശ്യമേ ഇല്ല എന്നാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്. രണ്ട് താരങ്ങളെയും ഇദ്ദേഹം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.ഡെക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്തിനാണ് ഈ താരതമ്യം? അവർ രണ്ടുപേരും വ്യത്യസ്ത രൂപത്തിലുള്ള താരങ്ങളാണ്. കരിയറിന്റെ തുടക്കകാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു തികഞ്ഞ വിങ്ങറായിരുന്നു. എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറാൻ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു.ഒരു താരം എന്ന നിലയിൽ അദ്ദേഹം ഒരുപാട് വളർന്നു. സാധ്യമാകുന്ന എല്ലാ രൂപത്തിലും അദ്ദേഹം വികാസം പ്രാപിച്ചു.അദ്ദേഹം ഒരു ബീസ്റ്റ് തന്നെയാണ്. മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ നാച്ചുറൽ ടാലന്റ് എപ്പോഴും അദ്ദേഹത്തിനുണ്ട്. കാലത്തിന് അനുസരിച്ച് അദ്ദേഹം തന്റെ ഗെയിമിനെ അഡാപ്റ്റ് ചെയ്തുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടുപേരെയും എനിക്ക് എന്റെ ടീമിൽ വേണം. കാരണം അവർക്ക് പന്ത് നൽകി കഴിഞ്ഞാൽ ബാക്കി അവർ നോക്കിക്കോളും “ഇതാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്.

അമേരിക്കയിൽ പുതിയ സീസണിന് ലയണൽ മെസ്സി തുടക്കം കുറിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ അസിസ്റ്റ് നേടിയ മെസ്സി രണ്ടാമത്തെ മത്സരത്തിൽ ഗോൾ കണ്ടെത്തുകയായിരുന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ മാരക ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. സൗദി അറേബ്യൻ ലീഗിൽ മാത്രമായി 30 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചു കഴിഞ്ഞു. 20 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 9 അസിസ്റ്റുകളും ആണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *