ക്രിസ്റ്റ്യാനോയുടെ വാക്കുകൾ പ്രചോദനമായി : തുർക്കി പെനാൽറ്റി പാഴാക്കിയതിനെക്കുറിച്ച് പോർച്ചുഗൽ ഗോൾകീപ്പർ പറയുന്നു!

ഇന്നലെ നടന്ന വേൾഡ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്താൻ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം നേടിയത്. ഇനി ഫൈനൽ മത്സരത്തിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ.ആ മത്സരം വിജയിച്ചു കഴിഞ്ഞാൽ പോർച്ചുഗല്ലിന് വേൾഡ് കപ്പിന് യോഗ്യത നേടാം.

ഏതായാലും ഇന്നലത്തെ മത്സരത്തിൽ പോർച്ചുഗല്ലിന്റെ ഗോൾ വല കാത്തത് ഡിയഗോ കോസ്റ്റയായിരുന്നു.മത്സരത്തിൽ തുർക്കി പെനാൽറ്റി പാഴാക്കാൻ തന്റെ ഇടപെടൽ കാരണമായി എന്നുള്ള കാര്യം കോസ്റ്റ പങ്കുവെച്ചിട്ടുണ്ട്.മാത്രമല്ല സ്വയം വിശ്വസിക്കുക എന്ന ക്രിസ്റ്റ്യാനോയുടെ ഉപദേശം തനിക്ക് തുണയായെന്നും പോർച്ചുഗീസ് ഗോൾകീപ്പർ കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിയഗോ കോസ്റ്റയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരം എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യലാണ്.എനിക്കിപ്പോൾ എന്താണ് പറയേണ്ടത് എന്നറിയില്ല.എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു.ഇനി നോർത്ത് മാസിഡോണിയക്കെതിരെയുള്ള മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധ.മത്സരത്തിൽ തുർക്കിയുടെ പെനാൽറ്റി എടുത്ത ബുറാക് എന്റെ ഇടതുവശത്തേക്കാണ് ഷൂട്ട് ചെയ്യാൻ പോവുന്നത് എന്നെനിക്ക് തോന്നി.അദ്ദേഹത്തിന്റെ ശരീരം അതെന്നോട് പറയുകയായിരുന്നു.ഞാൻ അങ്ങനെ വിശ്വസിച്ചു. ഒരു പക്ഷെ അദ്ദേഹം പെനാൽറ്റി പുറത്തേക്കടിക്കാൻ കാരണം ഞാൻ ഇടതുവശത്തേക്ക് നീങ്ങുന്നത് കണ്ടത് കൊണ്ടായിരിക്കണം. ഒരുപക്ഷേ അതാവാം അദ്ദേഹം ഷോട്ട് മാറ്റാൻ തീരുമാനിച്ചത്.ക്രിസ്റ്റ്യാനോയുടെ വാക്കുകൾ എനിക്ക് പ്രചോദനമായിരുന്നു. സ്വയം വിശ്വാസമർപ്പിക്കാനായിരുന്നു ക്രിസ്റ്റ്യാനോ എന്നോട് പറഞ്ഞത്.അദ്ദേഹത്തോടൊപ്പം കളിക്കുന്നത് തന്നെ ഒരു ബഹുമതിയാണ്.മികച്ച താരത്തോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു ” ഇതാണ് പോർച്ചുഗീസ് ഗോൾകീപ്പർ പറഞ്ഞത്.

വരുന്ന ചൊവ്വാഴ്ച്ചയാണ് നോർത്ത് മാസിഡോണിയക്കെതിരായ ഫൈനൽ മത്സരം പോർച്ചുഗൽ കളിക്കുക.ചൊവ്വാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:15-നാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *