ക്രിസ്റ്റ്യാനോയുടെ ട്രെയിനിങ് കാണാം, ചിലവഴിക്കേണ്ടത് വൻ തുക!
യൂറോ കപ്പിന് മുന്നോടിയായുള്ള പോർച്ചുഗല്ലിന്റെ സൗഹൃദ മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.ഫിൻലാന്റ്, അയർലാൻഡ് എന്നിവരെ പരാജയപ്പെടുത്താൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എന്നാൽ ക്രൊയേഷ്യയോട് പോർച്ചുഗൽ പരാജയപ്പെടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അയർലാൻഡിനെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നു.മാത്രമല്ല രണ്ട് മികച്ച ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തു. ഈ മത്സരം പൂർത്തിയാക്കിയതിനു ശേഷമാണ് പോർച്ചുഗൽ ജർമ്മനിയിൽ എത്തിയിട്ടുള്ളത്. വരുന്ന വെള്ളിയാഴ്ച ജർമ്മനിയിൽ വെച്ചുകൊണ്ട് പോർച്ചുഗൽ ട്രെയിനിങ് സെഷൻ നടത്തുന്നുണ്ട്. ഓപ്പൺ ട്രെയിനിങ് സെഷനാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ആറായിരത്തോളം ടിക്കറ്റുകൾ അതിന് ലഭ്യമാണ്. എന്നാൽ വലിയ തുക നൽകിയാൽ മാത്രമാണ് ഈ ടിക്കറ്റുകൾ ലഭിക്കുക.അതിന്റെ വില ജർമ്മനിയിലെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 400 മുതൽ 800 യൂറോ വരെ ഒരു ടിക്കറ്റിന് വേണ്ടി ചിലവഴിക്കേണ്ടതുണ്ട്. 800 യൂറോ എന്ന് പറയുമ്പോൾ ഇന്ത്യൻ രൂപ എഴുപതിനായിരത്തിന് മുകളിൽ വരും അത്. വലിയ തുക തന്നെയാണ് ട്രെയിനിങ് കാണാൻ വേണ്ടി ചിലവഴിക്കേണ്ടത്.
ഏതായാലും ജൂൺ 18 ആം തീയതിയാണ് പോർച്ചുഗൽ യൂറോ കപ്പിലെ ആദ്യ മത്സരം കളിക്കുക.ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗലിന്റെ എതിരാളികൾ. അതിന് ശേഷം തുർക്കി,ജോർജിയ എന്നിവരെ പോർച്ചുഗൽ നേരിടും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തന്നെയാണ് ആരാധകർ പ്രതീക്ഷകൾ അർപ്പിക്കുന്നത്.