ക്രിസ്റ്റ്യാനോക്ക് വിശ്രമം നൽകുമോ? നിലപാട് വ്യക്തമാക്കി പരിശീലകൻ!
യുവേഫ യൂറോ കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ തുർക്കിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ആദ്യ മത്സരം വിജയിച്ചു കൊണ്ടാണ് രണ്ട് ടീമുകളും ഇപ്പോൾ വരുന്നത്.അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുഴുവൻ സമയവും കളിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 39 കാരനായ താരത്തെ ഇന്നത്തെ മത്സരത്തിലും മുഴുവൻ സമയവും കളിപ്പിക്കുമോ? അതോ അദ്ദേഹത്തിന് വിശ്രമം നൽകുമോ എന്ന് പോർച്ചുഗലിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസിനോട് ചോദിക്കപ്പെട്ടിരുന്നു.റൊണാൾഡോക്ക് വിശ്രമത്തിന്റെ ആവശ്യമില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” കഴിഞ്ഞ സീസണിൽ റൊണാൾഡോ എത്ര സമയം കളിച്ചു എന്നുള്ളത് ഒന്ന് പരിശോധിച്ചു നോക്കൂ?വളരെയധികം പരിചയസമ്പത്തുള്ള താരമാണ് റൊണാൾഡോ. ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ആരും തന്നെ 6 യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ചിട്ടില്ല. ഒരു താരം എന്താണ് ടീമിന് കൊണ്ടുവരിക എന്നത് നമ്മൾ മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ എക്സ്പീരിയൻസ് ആണ് കൊണ്ടുവരുന്നത്.ഗോൾ അവസരങ്ങൾ അദ്ദേഹം ഒരുക്കുന്നു,സഹതാരങ്ങൾക്ക് സ്
പേസുകൾ ക്രിയേറ്റ് ചെയ്യുന്നു.ക്രിസ്റ്റ്യാനോ പോർച്ചുഗലിന്റെ ദേശീയ ടീമിൽ ഉള്ളത് അദ്ദേഹം ഇവിടെ സ്ഥാനം അർഹിക്കുന്നത് കൊണ്ടാണ്.അദ്ദേഹം ഈ ടീമിനായി സ്വന്തമാക്കിയതെല്ലാം ഒന്ന് നോക്കൂ. കഴിഞ്ഞ തവണത്തെ കോംപറ്റീഷനിലെ അദ്ദേഹത്തിന്റെ പ്രകടനം തന്നെ ഒന്ന് പരിശോധിച്ചു നോക്കൂ “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താൻ ഇദ്ദേഹത്തിന് യാതൊരുവിധ ഉദ്ദേശവും ഇല്ല.ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലും റൊണാൾഡോ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.39 കാരനായ റൊണാൾഡോ മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.തുർക്കിക്കെതിരെ അദ്ദേഹം അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.