ക്രിസ്റ്റ്യാനോക്ക് നേരെ ആരാധകന്റെ അതിക്രമം, രക്ഷപ്പെട്ടത് തലനാരിഴക്ക്!
ഈ യൂറോ കപ്പിലെ ഏറ്റവും വലിയ ആകർഷണം, അത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. 39 കാരനായ താരത്തിന്റെ അവസാനത്തെ യൂറോ കപ്പാണ് ഇത്. എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് നിരാശയാണ്. എന്തെന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങൾ കളിച്ചിട്ടും റൊണാൾഡോക്ക് ഇതുവരെ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല.
ഒരു അസിസ്റ്റ് മാത്രമാണ് റൊണാൾഡോയുടെ പേരിലുള്ളത്. കഴിഞ്ഞ മത്സരത്തിൽ ജോർജിയയോട് ഞെട്ടിക്കുന്ന തോൽവി പോർച്ചുഗലിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ 66ആം മിനിട്ടിൽ അദ്ദേഹത്തെ പരിശീലകൻ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ മത്സരം അവസാനിച്ചതിന് ശേഷം റൊണാൾഡോക്ക് നേരെ ഒരു ആരാധകന്റെ അതിക്രമ സംഭവം നടന്നിട്ടുണ്ട്.
ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡ്യൂന പാർക്കിൽ വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ക്രിസ്റ്റ്യാനോ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു പോകുന്നതിനിടെ മുകളിൽ നിന്നും ഒരു ആരാധകൻ അദ്ദേഹത്തിന്റെ ദേഹത്തേക്ക് എടുത്തുചാടുകയായിരുന്നു. പക്ഷേ സെക്യൂരിറ്റി ഗാർഡിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു എന്ന് പറയാം. തല നാരിഴക്കാണ് റൊണാൾഡോ പരിക്കിൽ നിന്നും രക്ഷപ്പെട്ടത്. ആരാധകന്റെ അതിക്രമം മുൻകൂട്ടി കണ്ട സെക്യൂരിറ്റി ഗാർഡ് കൃത്യമായി ഇടപെടുകയായിരുന്നു. ആരാധകരുടെ കയ്യേറ്റം റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമൊന്നുമല്ല.
കഴിഞ്ഞ തുർക്കിക്കെതിരെയുള്ള മത്സരത്തിൽ റൊണാൾഡോക്ക് വേണ്ടി ആറോളം ആരാധകരാണ് കളിക്കളം കയ്യേറിയത്.ഇത് വലിയ വിവാദമായിരുന്നു. തുടർന്ന് റൊണാൾഡോക്ക് സെക്യൂരിറ്റി വർദ്ധിപ്പിക്കുകയും ചെയ്തു. റൊണാൾഡോക്കും പോർച്ചുഗൽ ടീമിന്റെ മത്സരങ്ങൾക്കും കൂടുതൽ സെക്യൂരിറ്റി വേണമെന്ന് പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ തന്നെ യുവേഫയോട് ആവശ്യപ്പെട്ടിരുന്നു.ഇങ്ങനെ അതിക്രമിച്ച് കടക്കുന്ന ആരാധകർക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കാൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്. പോർച്ചുഗൽ ഇനി പ്രീ ക്വാർട്ടർ മത്സരം സ്ലോവേനിയക്കെതിരെയാണ് കളിക്കുക. വരുന്ന ജൂലൈ ഒന്നാം തീയതി അർദ്ധരാത്രിയാണ് ഈ മത്സരം നടക്കുക.