ക്രിസ്റ്റ്യാനോക്കല്ല,ഇനി പ്രാധാന്യം നൽകേണ്ടത് പോർച്ചുഗല്ലിന് : തെളിവുകൾ നിരത്തി പോർച്ചുഗീസ് മാധ്യമം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്.ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി കേവലം ഒരു പെനാൽറ്റി ഗോൾ മാത്രമാണ് റൊണാൾഡോക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.പോർച്ചുഗല്ലിന്റെ കഴിഞ്ഞ മത്സരത്തിലും ഗോളുകളും നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ഒരു അസിസ്റ്റ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചിരുന്നു.
ഏതായാലും പ്രമുഖ പോർച്ചുഗീസ് പത്രമായ Bola ഇതുമായി ബന്ധപ്പെട്ട വലിയ ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Less Cristiano,More Portugal എന്നാണ് ഇവർ ഇതിന്റെ തലക്കെട്ട് നൽകിയിട്ടുള്ളത്. അതായത് റൊണാൾഡോക്കുള്ള പ്രാധാന്യം കുറച്ചുകൊണ്ട് പോർച്ചുഗല്ലിന് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് ഇവർ പരിശീലകനായ സാന്റോസിന് നൽകുന്ന ഉപദേശം. ഇതിനുള്ള തെളിവുകളും ഇവർ നിരത്തുന്നുണ്ട്.
ടീമിനെ ഇനിമുതൽ നയിക്കേണ്ടത് റൊണാൾഡോയല്ല, മറിച്ച് ബ്രൂണോ ഫെർണാണ്ടസാണ് എന്നാണ് ഈ മാധ്യമം പറഞ്ഞുവെക്കുന്നത്.റൊണാൾഡോയുടെ പ്രകടന മികവും ഗോളടിമികവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവർ ആരോപിച്ചു. 2021 നവംബറിന് ശേഷം ഇതുവരെ 8 മത്സരങ്ങളാണ് റൊണാൾഡോ പോർച്ചുഗലിനു വേണ്ടി കളിച്ചിട്ടുള്ളത്. അതിൽനിന്ന് കേവലം രണ്ട് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. അതേസമയം 2012 നും 2021നും ഇടയിൽ പോർച്ചുഗൽ ആകെ നേടിയ ഗോളുകളുടെ 43 ശതമാനവും നേടിയ താരം റൊണാൾഡോയാണ്.ആ റൊണാൾഡോയുടെ ഗോളടി മികവ് ഇപ്പോഴത്തെ റൊണാൾഡോക്ക് ഇല്ല എന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്.
La Une de @abolapt, premier quotidien portugais :
— Actu Foot (@ActuFoot_) September 26, 2022
« Moins de Ronaldo, plus de Portugal » 🇵🇹 pic.twitter.com/R236HAZ07A
അതുകൊണ്ടുതന്നെ സ്പയിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താൻ പാടില്ല എന്ന കാര്യവും ഈ പോർച്ചുഗീസ് പത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.മറിച്ച് റഫയേൽ ലിയാവോ,പെഡ്രോ നെറ്റോ,പൗലിഞ്ഞോ,ജോവോ ഫെലിക്സ്,ഡിയോഗോ ജോട്ട എന്നിവർക്ക് പ്രാധാന്യം നൽകണമെന്നും ഇവർ പറയുന്നുണ്ട്.
മാത്രമല്ല സ്പയിനിനെതിരെ റൊണാൾഡോയെ പകരക്കാരനായി കൊണ്ട് ഇറക്കിയാൽ മതിയോ എന്നുള്ള ഒരു പോൾ അവർ ആരാധകർക്കിടയിൽ നടത്തുകയും ചെയ്തിരുന്നു. 57 ശതമാനം പേരും റൊണാൾഡോയെ പകരക്കാരനായി ഇറക്കിയാൽ മതി എന്ന് അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതായാലും റൊണാൾഡോയുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പൂർണ്ണ അധികാരം പോർച്ചുഗൽ പരിശീലകനായ സാൻഡോസിന്റെ കൈകളിൽ മാത്രമാണ്.