കോപ അമേരിക്ക, തനിക്ക് പ്രതീക്ഷയില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം ബ്രെമർ
കോപ്പ അമേരിക്കയിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീം ഉള്ളത്. വളരെ ശക്തമായ ഒരു നിരയെത്തന്നെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തിരഞ്ഞെടുത്തിട്ടുണ്ട്.ടീമിലേക്ക് അവസാനം വിളിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രതിരോധനിരതാരമായ ബ്രെമർ. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് ബ്രെമർ.
എന്നാൽ ബ്രസീലിയൻ ദേശീയ ടീമിൽ അവസരം ലഭിച്ചപ്പോൾ എല്ലാം ഇദ്ദേഹം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. പരിശീലകൻ ഡൊറിവാൽ ജൂനിയർക്ക് അത്ര താല്പര്യമില്ലാത്ത താരം കൂടിയാണ് ബ്രെമർ. പക്ഷേ കഴിഞ്ഞ ദിവസത്തെ ട്രെയിനിങ്ങിൽ ഇദ്ദേഹത്തെ ഡൊറിവാൽ പരീക്ഷിച്ചിട്ടുണ്ട്.എന്നിരുന്നാലും കോപ്പ അമേരിക്കയിൽ താൻ സ്റ്റാർട്ടറാകും എന്ന കാര്യത്തിൽ തനിക്ക് പ്രതീക്ഷയില്ലെന്ന് ബ്രെമർ തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” രണ്ട് വർഷങ്ങൾക്ക് മുൻപ് യുവന്റസിൽ എത്തിയ സമയത്ത് ഇതിനുവേണ്ടിയാണ് ഞാൻ കഠിനാധ്വാനം ചെയ്തിരുന്നത്.ഈ അവസരത്തിനു വേണ്ടി ഞാൻ തയ്യാറായിട്ടുണ്ട്. പക്ഷേ കോപ്പ അമേരിക്കയിൽ ഞാൻ സ്റ്റാർട്ടർ ആയിരിക്കും എന്ന് ഞാൻ കരുതുന്നില്ല.പക്ഷേ ഞാൻ തയ്യാറെടുത്തിരിക്കും. എനിക്ക് ദേശീയ ടീമിനോടൊപ്പം കുറച്ച് സമയം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ട്രെയിനിങ്ങിലും മത്സരത്തിലും എന്റെ ടീമിനെ കോൺട്രിബ്യൂട്ട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.ഇവിടേക്ക് വരുന്ന എല്ലാവരും തങ്ങളുടെ മൂല്യം തുറന്നുകാണിക്കാനാണ് വരുന്നത്. ഞാനും അങ്ങനെ തന്നെയാണ് ” ഇതാണ് ബ്രസീലിയൻ പ്രതിരോധനിര താരം പറഞ്ഞിട്ടുള്ളത്.
മാർക്കിഞ്ഞോസ്,ഗബ്രിയേൽ മഗല്ലസ് എന്നിവരായിരിക്കും ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മഗല്ലസിന്റെ പരിക്ക് ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഒരല്പം ഒന്നാണ്. എന്നിരുന്നാലും എഡർ മിലിറ്റാവോ,ബെറാൾഡോ തുടങ്ങിയ ഓപ്ഷനുകൾ അവിടെ ലഭ്യമാണ്.