കോപ്പ വെല്ലുവിളിയാണെങ്കിലും വേൾഡ് കപ്പിനേക്കാൾ വലുതല്ലല്ലോ, എന്റെ ഏറ്റവും മികച്ചത് പുറത്തു വരാനിരിക്കുന്നതേയുള്ളൂ:എമിലിയാനോ മാർട്ടിനസ്
വരുന്ന കോപ്പ അമേരിക്കക്കുള്ള ഒരുക്കങ്ങൾ നിലവിലെ ജേതാക്കളായ അർജന്റീന ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.2 സൗഹൃദ മത്സരങ്ങൾ കൂടി അർജന്റീന കളിക്കുന്നുണ്ട്.അർജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന് അവരുടെ സൂപ്പർ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് തന്നെയാണ്. കഴിഞ്ഞ ടൂർണമെന്റുകളിൽ ഒക്കെ തന്നെയും അർജന്റീനയെ രക്ഷിച്ചത് ഇദ്ദേഹമാണ്.
കോപ്പ അമേരിക്ക വലിയ വെല്ലുവിളിയാണെന്നും എന്നാൽ വേൾഡ് കപ്പിനേക്കാൾ വലുതല്ല എന്നും എമി ഇപ്പോൾ പറഞ്ഞിട്ടുണ്ട്.മാത്രമല്ല താൻ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ടെന്നും എമി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കോപ അമേരിക്ക ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും. പക്ഷേ വേൾഡ് കപ്പിനേക്കാൾ വലിയ ബുദ്ധിമുട്ട് മറ്റൊന്നുമില്ല. അത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.കഴിഞ്ഞ കോപ്പ, വേൾഡ് കപ്പ് എന്നിവയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സമ്പൂർണ്ണമാണ് ഞാനിപ്പോൾ. എന്റെ ഏറ്റവും മികച്ച സമയങ്ങൾ വരാനിരിക്കുന്നതേ ഉള്ളു. ഏകദേശം 20 ദിവസത്തോളം ഞാൻ ഇതിനു വേണ്ടി തയ്യാറാവുകയാണ്. ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ തയ്യാറെടുക്കാത്ത രൂപത്തിലാണ് ഇത്തവണ തയ്യാറെടുക്കുന്നത് ” ഇതാണ് എമി പറഞ്ഞിട്ടുള്ളത്.
ആസ്റ്റൻ വില്ലക്ക് വേണ്ടി കളിക്കുന്ന സമയത്ത് ലില്ലി ആരാധകരോട് താരം നടത്തിയ പെരുമാറ്റം വിവാദമായിരുന്നു.അതിനുള്ള ഒരു വിശദീകരണം ഈ ഗോൾകീപ്പർ നൽകിയിട്ടുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ലില്ലിയിൽ അവരുടെ ആരാധകർ മത്സരത്തിൽ ഉടനീളം എന്നെ പരിഹസിച്ചിരുന്നു.എന്റെ ജീവിതത്തിൽ ഇത്രയധികം പരിഹാസങ്ങൾ എനിക്ക് കേൾക്കേണ്ടി വന്നിട്ടില്ല. എന്നെ ലക്ഷ്യം വെച്ചുകൊണ്ട് പലതും അവർ എറിഞ്ഞു. പക്ഷേ അവസാനം വരെ ഞാൻ ഒന്നും ചെയ്തില്ല. 120 മിനിട്ട് എന്നെ പരിഹസിച്ച ആരാധകരെ ഞാൻ പെനാൽറ്റി ഷൂട്ടൗട്ടിൽ നിശബ്ദരാക്കി. അതിനുശേഷവും അവർ എന്റെ ദേഹത്തേക്ക് പലതും വലിച്ചെറിഞ്ഞു “ഇതാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ കോപ്പ അമേരിക്കയിലെയും വേൾഡ് കപ്പിലെയും ഗോൾഡൻ ഗ്ലൗ ജേതാവാണ് ഈ ഗോൾകീപ്പർ.ഇത്തവണത്തെ കോപ്പ അമേരിക്കയിലും അദ്ദേഹം അത് തന്നെയാണ് ലക്ഷ്യം വെക്കുന്നത്.