കോപ്പ അമേരിക്ക ഫൈനലിലെ അതേ പ്രകടനം പുറത്തെടുക്കും, ബ്രസീലിന് മുന്നറിയിപ്പുമായി ലൗറ്ററോ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനിസ്വേലയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മിന്നിത്തിളങ്ങിയത് ലൗറ്ററോ മാർട്ടിനെസ് തന്നെയായിരുന്നു. ഇതോടെ അർജന്റീനക്ക് വേണ്ടി 30 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ പൂർത്തിയാക്കാൻ ലൗറ്ററോക്ക് സാധിച്ചു. ഇനി ബ്രസീലിനെയാണ് അർജന്റീനക്ക് നേരിടാനുള്ളത്. ആ മത്സരത്തിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ അതേ പ്രകടനം പുറത്തെടുക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ ലൗറ്ററോ. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
🥳🐂🇦🇷⚽️ Lautaro Martínez acumuló 15 goles en 30 partidos en la Selección Argentina, otro tanto que abrió el match. https://t.co/o46UG03vI9
— Diario Olé (@DiarioOle) September 3, 2021
” വളരെ പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളാണ് ഞങ്ങളിപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്. വളരെ സങ്കീർണമായ എതിരാളികളായിരുന്നു വെനിസ്വേല. സൗത്ത് അമേരിക്കയിൽ എല്ലാവരും ബുദ്ധിമുട്ടേറിയ എതിരാളികളാണ്. പക്ഷേ മികച്ച ഒരു ആദ്യപകുതിയാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഒരുക്കിയിരുന്നു. ഗോൾ നേടിയതോടെ ശാന്തമായി കളിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഒരു സ്ട്രൈക്കർ എന്ന നിലയിൽ ഗോളുകൾ നേടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം എന്നുള്ളത് അർജന്റൈൻ ടീമിന്റെ വിജയമാണ്.എപ്പോഴും ടീമിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.ബ്രസീലിനെതിരെയുള്ള മത്സരം മികച്ച ഒരു മത്സരമായിരിക്കും.സാധ്യമായ എല്ലാ രീതിയിലും നല്ല രൂപത്തിൽ അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ അതേ പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും ” ലൗറ്ററോ പറഞ്ഞു.
വരുന്ന ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 12:15-നാണ് ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക. 21 മത്സരങ്ങളിൽ പരാജയമറിയാതെയാണ് അർജന്റീന വരുന്നതെങ്കിൽ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ മുഴുവനും വിജയിച്ചു കൊണ്ടാണ് ബ്രസീൽ മത്സരത്തിന് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ മികച്ച ഒരു പോരാട്ടം കാണാനാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.