കോപ്പ അമേരിക്കയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം, ആരൊക്കെ മുന്നോട്ടു പോകും?
ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു ഉത്സവകാലമാണ്. ഭൂഖണ്ഡങ്ങളുടെ പോരാട്ടമായ യൂറോ കപ്പും കോപ്പ അമേരിക്കയും ഈ മാസമാണ് നടക്കുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് കോപ്പ അമേരിക്കയ്ക്ക് അവശേഷിക്കുന്നുള്ളൂ. കൃത്യമായി പറഞ്ഞാൽ വരുന്ന ജൂൺ ഇരുപത്തിയൊന്നാം തീയതിയാണ് കോപ്പ അമേരിക്കയ്ക്ക് കിക്കോഫ് മുഴങ്ങുക.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ആദ്യ മത്സരത്തിൽ ഇറങ്ങുന്നത്. എതിരാളികൾ കാനഡയാണ്. വരുന്ന ജൂൺ 21ആം തീയതി വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഇത്തവണ അമേരിക്കയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പതിവ് പോലെ കിരീട ഫേവറേറ്റുകൾ അർജന്റീനയും ബ്രസീലുമാണ്.
കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അർജന്റീന വരുന്നതെങ്കിൽ കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് വെച്ച് നഷ്ടമായ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്രസീൽ വരുന്നത്. ഇവരെ കൂടാതെ ഉറുഗ്വ,കൊളംബിയ, അമേരിക്ക എന്നിവരൊക്കെ ടൂർണമെന്റിലെ ശക്തരാണ്.
ആകെ 16 ടീമുകളാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മാറ്റുരക്കുന്നത്.നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.അർജന്റീനയുടെ ഗ്രൂപ്പിൽ കാനഡ,ചിലി,പെറു എന്നിവരാണ് അടങ്ങുന്നത്.ഇക്വഡോർ,ജമയ്ക്ക,മെക്സിക്കോ,വേനിസ്വേല എന്നിവർ ഗ്രൂപ്പ് ബിയിലാണ് വരുന്നത്. ഗ്രൂപ്പ് സിയിലാണ് ഉറുഗ്വയും അമേരിക്കയും വരുന്നത്. ഇവരെ കൂടാതെ ബൊളീവിയ, പനാമ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്. നാലാമത്തെ ഗ്രൂപ്പിൽ ആണ് ബ്രസീൽ ഇടം നേടിയിട്ടുള്ളത്.എതിരാളികൾ കൊളംബിയ,കോസ്റ്റാറിക്ക,പരാഗ്വ എന്നിവരാണ്. വമ്പൻമാരൊക്കെ അനായാസം ഗ്രൂപ്പ് ഘട്ടം മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ തവണ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് മെസ്സിയും ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് എമി മാർട്ടിനസുമാണ്. അത് നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ഇരുവരും വരിക.ഏതായാലും അർജന്റീനയും ബ്രസീലുമൊക്കെ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.