കോപ്പയും ഒളിമ്പിക്സും കളിക്കണം, നെയ്മർ രണ്ടും കല്പിച്ച് തന്നെ!

ഈ വർഷമാണ് കോപ്പ അമേരിക്കയും ടോക്കിയോ ഒളിമ്പിക്സും അരങ്ങേറുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ കോവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇരു ടൂർണമെന്റുകളിലും പങ്കെടുക്കുന്നുണ്ട്. ഈ രണ്ടിലും ബ്രസീലിനെ പ്രതിനിധീകരിച്ചു കൊണ്ട് കളത്തിലിറങ്ങാൻ നെയ്മർ ആഗ്രഹം പ്രകടിപ്പിച്ചതായി പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. മാത്രമല്ല ഈ ആവിശ്യം ഉന്നയിച്ചു കൊണ്ട് താരം തന്റെ ക്ലബായ പിഎസ്ജിയെ സമീപിച്ചതായും റിപ്പോർട്ട്‌ ചൂണ്ടികാണിക്കുന്നുണ്ട്. ബ്രസീലിയൻ മാധ്യമമായ UOL ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ പിഎസ്ജി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഏതെങ്കിലും ഒരു ടൂർണമെന്റിൽ കളിപ്പിക്കുകയൊള്ളൂ എന്ന നിലപാടാവും മിക്കവാറും പിഎസ്ജി കൈക്കൊള്ളുക. എംബപ്പേയുടെ കാര്യത്തിലും പിഎസ്ജിക്ക് ഇത്‌ തന്നെയാണ് താല്പര്യം. താരത്തെ യൂറോ കപ്പിലേക്കും ഒളിമ്പിക്സിലേക്കും ഫ്രാൻസിന് ടീമിനൊപ്പം അയക്കാൻ സാധിക്കില്ല എന്ന നിലപാട് പിഎസ്ജി കൈകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ജൂൺ പതിമൂന്നാം തിയ്യതിയാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. ജൂലൈ പത്തിന് അവസാനിക്കുകയും ചെയ്യും.2015-ലെ കോപ്പക്ക് ശേഷം നെയ്മർ ഇതുവരെ കോപ്പ അമേരിക്ക കളിച്ചിട്ടില്ല എന്ന് മാത്രമല്ല ഇതുവരെ ബ്രസീലിനോടൊപ്പം കോപ്പ കിരീടം നേടിയിട്ടുമില്ല.2019-ൽ ബ്രസീൽ കിരീടം ചൂടിയപ്പോൾ പരിക്ക് മൂലം നെയ്മർ പുറത്തായിരുന്നു. അത്കൊണ്ട് തന്നെ കോപ്പ കളിക്കാനാവും നെയ്മർ മുൻഗണന നൽകുക. അതേസമയം ജൂലൈ 23-ആം തിയ്യതി തുടങ്ങുന്ന ഒളിമ്പിക്സ് ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുക. ഇതിലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ നെയ്മർക്ക് അതിയായ ആഗ്രഹമുണ്ട്. നിലവിലെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ബ്രസീലിന്റെ കൈവശമാണ്. അത് നേടിക്കൊടുക്കുന്നതിൽ നെയ്മർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇത്തവണ അത് നിലനിർത്താൻ വേണ്ടിയായിരിക്കും നെയ്മർ ഒളിമ്പിക്സിൽ കളിക്കാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഇവിടെ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പിഎസ്ജിയാണ്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *