കോപ്പയിൽ പങ്കെടുക്കുന്നതിൽ ചില ബ്രസീലിയൻ താരങ്ങൾക്ക് എതിർപ്പ്, തുറന്ന് പറഞ്ഞ് ടിറ്റെ!

ഈ മാസം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ ചില ബ്രസീലിയൻ താരങ്ങൾക്ക് എതിർപ്പുള്ളതായി റിപ്പോർട്ടുകൾ. യൂറോപ്പിൽ കളിക്കുന്ന ചില ബ്രസീലിയൻ താരങ്ങളാണ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തവണത്തെ കോപ്പ ബ്രസീലിൽ വെച്ചാണ് നടക്കുന്നത്. ഈ കോപ്പ പങ്കെടുക്കാൻ താല്പര്യമില്ലെന്ന അഭിപ്രായം ചില താരങ്ങൾക്കിടയിൽ ഉയർന്നു വരികയും ഇത്‌ സംബന്ധിച്ച് താരങ്ങൾ സിബിഎഫ് പ്രസിഡന്റിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീലിന്റെ പരിശീലകനായ ടിറ്റെയും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ആന്തരികമായ ചില ചർച്ചകൾ ഇത്‌ സംബന്ധിച്ച് നടന്നതായി ടിറ്റെ അറിയിച്ചിട്ടുണ്ട്.അതേസമയം താരങ്ങളുടെ പ്രതിനിധിയായി പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ട കാസമിറോയുടെ അഭാവവും ചർച്ച ചെയ്യപ്പെടുന്നുണ്ടിപ്പോൾ.

കൊളംബിയ, അർജന്റീന എന്നിവിടങ്ങളിൽ വെച്ച് കോപ്പ നടത്താനായിരുന്നു കോൺമെബോൾ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത്‌ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ഈ കോപ്പയിൽ പങ്കെടുക്കുന്നതിനോട് ബ്രസീൽ ടീമിലെ ചില സീനിയർ താരങ്ങൾക്ക് യോജിപ്പില്ല. തുടർന്ന് അവർ ബുധനാഴ്ച സിബിഎഫ് പ്രസിഡന്റ്‌ കബോക്ലോയോട് ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഒരു അന്തിമതീരുമാനം കൈക്കൊണ്ടതായി അറിവില്ല. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ആയിരിക്കാം ഒരു പക്ഷേ തീരുമാനങ്ങളെടുക്കുക.

ഇതിനോട് അനുബന്ധിച്ച ഒരു പ്രസ്താവന ഇന്നലെ ടിറ്റെ പുറത്തിറക്കുകയും ചെയ്തു. ” താരങ്ങൾക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്.അവർ അത്‌ പ്രസിഡന്റിനോട്‌ പങ്കുവെക്കുകയും ചെയ്തു.കൃത്യമായ സമയത്ത് അവർ അത്‌ ജനങ്ങളെ അറിയിക്കുകയും ചെയ്യും. ഇപ്പോൾ എനിക്കും ടീമിനും മുന്നിലുള്ള വലിയ ലക്ഷ്യം ഇക്വഡോറിനെതിരെയുള്ള മത്സരമാണ് ” ടിറ്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *