കൊളംബിയൻ ആരാധകരുടെ കൂവൽ, അവരുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് ഡി പോൾ!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കൊളംബിയ അർജന്റീന പരാജയപ്പെടുത്തിയത്. കൊളംബിയയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസാണ് അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്. അതേസമയം അർജന്റീനയുടെ ഏക ഗോൾ നേടിയത് നിക്കോ ഗോൺസാലസാണ്.
മത്സരത്തിനു മുൻപ് അർജന്റീനയുടെ ദേശീയ ഗാനം മുഴങ്ങുന്ന സമയത്ത് കൊളംബിയൻ ആരാധകർ കൂവി വിളിച്ചിരുന്നു. ഇതിനെതിരെ ശബ്ദമുയർത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ സൂപ്പർ താരമായ റോഡ്രിഗോ ഡി പോൾ.കോപ്പ അമേരിക്ക ഫൈനലിൽ പരാജയപ്പെട്ട കൊളംബിയൻ ആരാധകരുടെ വേദന തനിക്ക് മനസ്സിലാകും എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.ഈ മത്സരത്തിലെ തോൽവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഡി പോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ ദേശീയ ഗാനത്തെ കൂവി വിളിച്ചത് ശരിയായ പ്രവൃത്തി അല്ല. പക്ഷേ അവരുടെ വേദന എനിക്ക് മനസ്സിലാകും. അവർ കോപ്പ അമേരിക്ക ഫൈനലിന്റെ കാര്യത്തിൽ അത്രയും ആവേശഭരിതരായിരുന്നു. പരാജയപ്പെടാതെ സൗത്ത് അമേരിക്ക മുഴുവനും കീഴടക്കിയവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ അർജന്റീനയുടെ നിലവാരം അതിന്റെ ഏറ്റവും ഉയർന്ന തലത്തിലാണ്.ഈ തോൽവി ഞങ്ങൾ അംഗീകരിക്കുന്നു.പക്ഷേ ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും.ഇത്തരം കാര്യങ്ങൾ ഞങ്ങൾക്ക് ശീലമായി. ബുദ്ധിമുട്ടേറിയ സ്റ്റേഡിയങ്ങളിലും സാഹചര്യങ്ങളിലുമാണ് ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നത്. എല്ലാവരും അവരവരുടെ അഡ്വാന്റ്റേജ് ഉയർത്താൻ ശ്രമിക്കുന്നത് സാധാരണമാണ്. ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമിനെതിരെയാണ് അവർ കളിച്ചത്. ചില സമയത്ത് വിജയിക്കുക എന്നുള്ളത് ഞങ്ങളുടെ ഊഴമാണ്.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ അത് കണ്ടതാണ്. ഇത്തവണ വിജയിക്കുക എന്നുള്ളത് അവരുടെ ഊഴമായിരുന്നു ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 64 മത്സരങ്ങൾക്കിടയിൽ അർജന്റീന പരാജയപ്പെടുന്ന മൂന്നാമത്തെ മാത്രം മത്സരമാണ് ഇത്. ഇതിനു മുൻപ് ഉറുഗ്വ,സൗദി അറേബ്യ എന്നിവരായിരുന്നു അർജന്റീനയെ പരാജയപ്പെടുത്തിയിരുന്നത്. ഇനി അടുത്ത മാസം നടക്കുന്ന മത്സരങ്ങളിൽ വെനിസ്വേലയും ബൊളീവിയയുമാണ് അർജന്റീനയുടെ എതിരാളികൾ.