കേറി പോകരുത് എന്ന് പറഞ്ഞാലും പോയിരിക്കും:അർജന്റൈൻ സൂപ്പർ താരത്തെക്കുറിച്ച് സ്‌കലോണി

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.റൊമേറോയുടെ പാസിൽ നിന്നായിരുന്നു ഡി മരിയ ഗോൾ നേടിയിരുന്നത്.മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയതെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.

സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ക്രിസ്റ്റ്യൻ റൊമേറോ ചില സമയങ്ങളിൽ അത് മറക്കാറുണ്ട്. ഇന്ന് ഡി മരിയയ്ക്ക് അസിസ്റ്റ് നൽകുന്ന സമയത്ത് റൊമേറോ ഉണ്ടായിരുന്നത് എതിരാളികളുടെ പെനാൽറ്റി ബോക്സിലായിരുന്നു. ഇതേക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി തമാശരൂപേണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.റൊമേറോയോട് കയറി പോകരുത് എന്ന് പറഞ്ഞാലും അദ്ദേഹം കയറി പോയിരിക്കും എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കയറി പോകരുത് എന്ന് ചില സമയങ്ങളിൽ ഞങ്ങൾ അദ്ദേഹത്തോട് പറയാറുണ്ട്. പക്ഷേ അദ്ദേഹം അതൊന്നും വകവെക്കാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും.അറ്റലാന്റയിൽ റൊമേറോ ഇങ്ങനെയായിരുന്നു ഉണ്ടായിരുന്നത്.അതുതന്നെയാണ് ഇന്നത്തെ മത്സരത്തിലും അദ്ദേഹം പുറത്തെടുത്തത്.ചില സമയങ്ങളിൽ നമുക്കിത് നിയന്ത്രിക്കാൻ സാധിക്കില്ല.ഡി പോൾ പാസ് നൽകിയ സമയത്ത് റൊമേറോ നമ്പർ നയൻ പൊസിഷനിലായിരുന്നു ഉണ്ടായിരുന്നത്.അദ്ദേഹത്തിന്റെ കോൺഫിഡൻസാണ് അവിടെ കാണിക്കുന്നത്.ചില സന്ദർഭങ്ങളിൽ ഇതൊക്കെ നിയന്ത്രിക്കേണ്ടിവരും. പക്ഷേ എനിക്ക് കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ സുപ്രധാന താരങ്ങളിൽ ഒരാളാണ് റൊമേറോ. പ്രതിരോധ നിരയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും അർജന്റീനക്ക് ഗുണകരമാണ്.ഇപ്പോൾ മുന്നേറ്റത്തിലും താരം ടീമിനെ സഹായിക്കുന്നുണ്ട്. അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഗ്വാട്ടിമാലയാണ്.

Leave a Reply

Your email address will not be published. Required fields are marked *