കെയ്ൻ ക്രിസ്റ്റ്യാനോയെ പോലെയല്ല, അദ്ദേഹത്തെ വേട്ടയാടരുത്: വ്യക്തമാക്കി ക്രൗച്ച്
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ മറ്റൊരു വമ്പൻമാരായ നെതർലാന്റ്സാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ഈ ടൂർണമെന്റിൽ ഹൈപ്പിന് അനുസരിച്ചുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. അതേസമയം നെതർലാന്റ്സ് നിലവിൽ മികച്ച ഫോമിലുമാണ്.
ഹാരി കെയ്ൻ പ്രതീക്ഷിച്ചപോലെ തിളങ്ങുന്നില്ല എന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. എന്നിരുന്നാലും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പീറ്റർ ക്രൗച്ച് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ സൗദി അറേബ്യയിലെ കണക്കുകൾ കൊണ്ടല്ല ഹാരി കെയ്ൻ വരുന്നത് എന്നാണ് ഇദ്ദേഹം ഉദാഹരണമായി കൊണ്ട് പറഞ്ഞിട്ടുള്ളത്. മോശം ഫോമിന്റെ കെയ്നിനെ വേട്ടയാടരുതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ക്രൗച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ ടൂർണമെന്റിൽ കെയ്ൻ പ്രതീക്ഷക്കൊത്ത് തിളങ്ങിയില്ല എന്നത് ശരിയാണ്.പക്ഷേ കഴിഞ്ഞ കുറെ വർഷക്കാലമായി ഇംഗ്ലണ്ടിനെ മുന്നോട്ടു നയിക്കുന്നത് അദ്ദേഹമാണ്. കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി നാല്പതോളം ഗോളുകൾ നേടിക്കൊണ്ടാണ് അദ്ദേഹം വരുന്നത്.അദ്ദേഹത്തെപ്പോലെയൊരു താരത്തെ നമുക്ക് ആവശ്യമാണ്. കാരണം ബോക്സിനകത്ത് അവസരം ലഭിച്ചാൽ അദ്ദേഹം ഗോളാക്കിമാറ്റും. അവസരങ്ങൾ ഉണ്ടാക്കേണ്ടത് മറ്റുള്ളവരുടെ ഉത്തരവാദിത്തമാണ്. പൊതുവേ അദ്ദേഹത്തിന് ഇംഗ്ലണ്ടുകാരിൽ നിന്നും ലഭിക്കുന്ന ബഹുമാനം കുറവാണ്.ഇതിനേക്കാൾ റെസ്പെക്ട് അദ്ദേഹം അർഹിക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ സൗദി അറേബ്യയിലെ ഗോളുകളുടെ കണക്കും കൊണ്ടല്ല അദ്ദേഹം കടന്നുവരുന്നത്. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നിനുവേണ്ടിയാണ് കഴിഞ്ഞ സീസണിൽ അദ്ദേഹം ഗോളടിച്ചു കൂട്ടിയത്. അതുകൊണ്ടുതന്നെ കെയ്നിനെ വേട്ടയാടരുത്. അദ്ദേഹം സെമിയിൽ ഗോളടിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട് ” ഇതാണ് ക്രൗച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ബയേണിന് വേണ്ടി കെയ്ൻ നടത്തിയിരുന്നത്.എന്നാൽ കിരീടങ്ങൾ ഒന്നും തന്നെ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനോടൊപ്പം യൂറോ കപ്പ് നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം ഉള്ളത്. സെമി ഫൈനൽ അതിജീവിച്ചു കഴിഞ്ഞാൽ കരുത്തരായ സ്പെയിനാണ് കലാശ പോരാട്ടത്തിൽ അവരെ കാത്തിരിക്കുന്നത്.