കുറ്റാരോപിതനായ പക്കേറ്റക്ക് കോപ്പ അമേരിക്ക കളിക്കാം, സ്റ്റേറ്റ്മെന്റ് ഇറക്കി ബ്രസീൽ!
വരുന്ന ജൂൺ 21ആം തീയതിയാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമാകുന്നത്. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ഇതിനുള്ള സ്‌ക്വാഡ് നേരത്തെ തന്നെ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ പ്രഖ്യാപിച്ചിരുന്നു. അതിൽ ഇടം നേടാൻ മധ്യനിരതാരമായ ലുകാസ് പക്കേറ്റക്ക് സാധിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടിയാണ് പക്കേറ്റ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിൽ ഇപ്പോൾ അദ്ദേഹം ചില വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. വാതുവെപ്പ് സംഘങ്ങളെ പക്കേറ്റ സഹായിച്ചുവെന്ന് ആരോപിക്കപ്പെട്ടിരുന്നു.ഈ വിഷയത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ താരത്തിനുമേൽ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ഇതിൽ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതായത് പ്രീമിയർ ലീഗിലെ ചില മത്സരങ്ങളിൽ വാതുവെപ്പ് സംഘങ്ങളെ സഹായിക്കാൻ വേണ്ടി മനപ്പൂർവ്വം പക്കേറ്റ യെല്ലോ കാർഡുകൾ വഴങ്ങി എന്നായിരുന്നു കണ്ടെത്തിയിരുന്നത്.എന്നാൽ തന്നിൽ ആരോപിക്കപ്പെട്ടതെല്ലാം ഈ ബ്രസീലിയൻ താരം നിഷേധിച്ചിരുന്നു. താരം നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പക്കേറ്റക്ക് നേരിടേണ്ടി വന്നേക്കും.ഈ വിവാദങ്ങളെ തുടർന്ന് കോപ്പ അമേരിക്കയുടെ കാര്യത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു.
അതായത് ഈ താരത്തെ ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കുമോ എന്നായിരുന്നു സംശയിക്കപ്പെട്ടിരുന്നത്.എന്നാൽ ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി CBF ഇപ്പോൾ വരുത്തിയിട്ടുണ്ട്. താരത്തിന് കോപ്പ അമേരിക്ക നഷ്ടമാവില്ല. അദ്ദേഹത്തിന് ബ്രസീലിനോടൊപ്പം കോപ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കാം.CBF ന്റെ ഈ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. മികച്ച പ്രകടനം നടത്തുന്ന പക്കേറ്റ ബ്രസീലിന്റെ മധ്യനിരക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.