കുഞ്ഞ പുറത്ത്, പകരമായി പുത്തൻ താരോദയത്തെ ടീമിലെടുത്ത് ബ്രസീൽ!

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ടീമിൽ ഒരു മാറ്റം ഇപ്പോൾ ടിറ്റെ വരുത്തിയിട്ടുണ്ട്. പരിക്കേറ്റ മാത്യൂസ് കുഞ്ഞക്ക്‌ പകരം ആർതർ കബ്രാളിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കബ്രാൾ ബ്രസീലിന്റെ സീനിയർ ടീമിൽ ഇടം നേടുന്നത്.23-കാരനായ താരം സ്വിസ് ക്ലബായ ബേസലിന്റെ താരമാണ്. ഈ സീസണിൽ മിന്നും പ്രകടനമാണ് താരം കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്നത്.16 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ താരം നേടിക്കഴിഞ്ഞു.കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒട്ടേറെ ക്ലബുകളിൽ നിന്ന് താരത്തിന് ഓഫർ വന്നിരുന്നുവെങ്കിലും താരത്തെ ക്ലബ് കൈവിടാതിരിക്കുകയായിരുന്നു. അതേസമയം ബ്രസീലിന്റെ അണ്ടർ 23 ടീമിന് വേണ്ടി ഒരു സൗഹൃദമത്സരം മാത്രമാണ് താരം കളിച്ചിട്ടുള്ളത്. പക്ഷേ താരത്തിന്റെ ഇപ്പോഴത്തെ മിന്നും ഫോം തന്നെയാണ് താരത്തെ ടിറ്റെ പരിഗണിക്കാൻ കാരണം.

അതേസമയം ആദ്യമായി ബ്രസീൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് കബ്രാൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ജൂനിഞ്ഞോയായിരുന്നു എന്നെ വിളിച്ചത്. ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.പിന്നീട് നടന്നതൊന്നും എനിക്കോർമ്മയില്ല.ബേസലിൽ എത്തിയതിന് ശേഷം ടാക്ടിക്കലായി എനിക്കൊരുപാട് പുരോഗതി കൈവരിക്കാനായി.ബ്രസീലിയൻ ടീമിന്റെ ശൈലിയുമായി എനിക്ക് അഡാപ്റ്റാവാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് കബ്രാൾ സിബിഎഫിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് പറഞ്ഞത്.

ഈ മാസത്തിൽ മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.വെനിസ്വേല, കൊളംബിയ, ഉറുഗ്വ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഏതായാലും ഗോൾവേട്ടക്കാരനായ കബ്രാളിനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *