കിരീടത്തിലേക്ക് ഇനി എട്ട് ടീമുകൾ മാത്രം,ക്വാർട്ടർ ഫൈനൽ ലൈനപ്പായി!

ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നലെ വിരാമമായിരിക്കുന്നു. ഇന്നലെ നടന്ന ആദ്യത്തെ മത്സരത്തിൽ മൊറോക്കോ സ്പയിനിനെ പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടർ ഫൈനലിന് യോഗ്യത കരസ്ഥമാക്കിയിരുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ പോർച്ചുഗൽ തരിപ്പണമാക്കുകയും ചെയ്തിരുന്നു. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തിയത്.

ഏതായാലും ഇന്നലത്തെ മത്സരങ്ങളോടുകൂടി വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായിട്ടുണ്ട്. 8 ടീമുകളാണ് ഇനി വേൾഡ് കപ്പിൽ അവശേഷിക്കുന്നത്. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

അന്നേ ദിവസം തന്നെയാണ് വമ്പൻമാരായ അർജന്റീനയുടെ മത്സരവും ഉള്ളത്.രാത്രി 12:30 നാണ് അർജന്റീനയും ഹോളണ്ടും തമ്മിൽ പോരടിക്കുക. തൊട്ടടുത്ത ദിവസമാണ് ബാക്കിയുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. ശനിയാഴ്ച 8:30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ മൊറോക്കോയും പോർച്ചുഗലും തമ്മിലാണ് ഏറ്റുമുട്ടുക. പിന്നീട് 12:30 ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ കൊമ്പുകോർക്കും. ഇതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വിരാമമാവുകയും ചെയ്യും.

ഏതായാലും ബ്രസീലും അർജന്റീനയും ക്വാർട്ടർ ഫൈനൽ വിജയിക്കുകയാണെങ്കിൽ ഒരു സ്വപ്ന സെമി ഫൈനലിനാണ് കളം ഒരുങ്ങുക. അർജന്റീനയും ബ്രസീലും സെമി ഫൈനലിൽ ഏറ്റുമുട്ടിയേക്കും. അതുകൊണ്ടുതന്നെ ഈ ക്വാർട്ടർ ഫൈനലുകളെ വളരെ ആവേശത്തോടെ കൂടിയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *