കിരീടം ചൂടി അർജന്റീന, അഭിനന്ദനങ്ങളുമായി ടിറ്റെ!

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ട് അർജന്റീന കിരീടം ചൂടിയിരുന്നു. മാരക്കാനയുടെ മടിത്തട്ടിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയുടെ കിരീടവരൾച്ചക്ക്‌ വിരാമമിട്ടത്. തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനൽ കളിച്ച ടിറ്റെക്കും സംഘത്തിനും ഇത്തവണ അടിതെറ്റുകയായിരുന്നു. ഏതായാലും മത്സരശേഷം അർജന്റീനയെ അഭിനന്ദിച്ചിരിക്കുകയാണ് ബ്രസീലിയൻ പരിശീലകനായ ടിറ്റെ. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ അല്ല മത്സരം നടന്നതെന്നും എന്നാൽ ഈ കോപ്പയിൽ ബ്രസീൽ സാധ്യമായ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിട്ടുള്ളത് എന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ആദ്യമായി ഞാൻ അർജന്റീനയെ അഭിനന്ദിക്കുന്നു. കാരണം ഞാൻ അങ്ങനെയാണ് പഠിച്ചിട്ടുള്ളത്. ഞങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു മത്സരമല്ല നടന്നിട്ടുള്ളത്.മത്സരം പലപ്പോഴും കടുത്ത രീതിയിലായിരുന്നു.മത്സരത്തിൽ ഒരു താളം കണ്ടെത്താൻ സാധിച്ചിരുന്നില്ല.പക്ഷേ അവരുടെ ഡിഫൻസും ഗോൾകീപ്പറും മികച്ചതായിരുന്നു.എന്നിരുന്നാലും ഈ ബ്രസീലിയൻ ടീം അവർക്ക് സാധ്യമായ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.മാത്രമല്ല പല വിധ താരങ്ങളെയും ലൈനപ്പുകളെയും പരീക്ഷിക്കാൻ എനിക്ക് കഴിഞ്ഞു.നിങ്ങൾക്ക്‌ പുകഴ്ത്തുകയോ വിമർശിക്കുകയോ ചെയ്യാം.പക്ഷേ അതെന്നെ ബാധിക്കുന്നില്ല.എന്നാൽ ഈ തോൽവിയെ ന്യായീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.തോൽവി എനിക്ക് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ സ്പോർട്സിൽ സഹജമായ കാര്യമാണ് ” ഇതാണ് ടിറ്റെ പറഞ്ഞത്. ഏതായാലും ബ്രസീലിനെ തന്നെ കീഴടക്കി കോപ്പ അമേരിക്ക കിരീടം ചൂടാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് അർജന്റൈൻ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!