കാലുകൾ കെട്ടിയിട്ടാൽ പോലും മികച്ച പ്രകടനം നടത്തും: യമാലിനെ കുറിച്ച് സ്പെയിൻ കോച്ച്
സമീപകാലത്ത് ഗംഭീര പ്രകടനമാണ് സ്പെയിൻ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.യൂറോ കപ്പിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം ഉയർത്താൻ അവർക്ക് കഴിഞ്ഞിരുന്നു.അതിനുശേഷം അവർക്ക് തോൽവികൾ ഒന്നും അറിയേണ്ട വന്നിട്ടില്ല.യൂറോ കപ്പിൽ അസാധാരണമായ പ്രകടനം ആയിരുന്നു 17കാരനായ ലാമിൻ യമാൽ പുറത്തെടുത്തത്.ഒരു ഗോളും നാല് അസിസ്റ്റും നേടിയ താരം യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.
എന്നാൽ അവിടം കൊണ്ടൊന്നും അവസാനിച്ചിട്ടില്ല.യമാൽ തന്റെ മാസ്മരിക പ്രകടനം ബാഴ്സയിലും തുടരുകയാണ്.ഈ സീസണിൽ 5 ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഇങ്ങനെ മികച്ച പ്രകടനം നടത്തുന്ന താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പെയിൻ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ. കാലുകൾ കെട്ടിയിട്ടാൽ പോലും യമാൽ മികച്ച പ്രകടനം നടത്തുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” കാലുകൾ കെട്ടിയിട്ടാൽ പോലും അവൻ മികച്ച പ്രകടനം നടത്തുന്നു.അത്രയും മികച്ച താരമാണ് അവൻ.ഈ പ്രായത്തിൽ തന്നെ വ്യത്യസ്തമായ കഴിവുകൾ അദ്ദേഹത്തിനുണ്ട്.17 വയസ്സ് മാത്രമേ ഉള്ളെങ്കിലും അതിനേക്കാൾ വലിയ പക്വത അവനുണ്ട്.കൂടാതെ വളരെ സൗമ്യമായ രീതിയിലാണ് അവൻ കളിക്കുന്നത്.ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്തുകൊണ്ട് ഒരു ടെക്നിക്കൽ പ്ലെയർ ആയി മാറാൻ അദ്ദേഹത്തിന് കഴിയുന്നു. ഇത്തരം താരങ്ങൾ ചിന്തിക്കാൻ കഴിയാവുന്നതിനുമപ്പുറമുള്ള കാര്യങ്ങൾ ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്യും.യമാലും നിക്കോയും അടുത്ത സുഹൃത്തുക്കളാണ് എന്ന കാര്യത്തിലും ഞാൻ വളരെയധികം സന്തോഷവാനാണ് “ഇതാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒരുപാട് മത്സരങ്ങൾ ഈ പ്രായത്തിൽ തന്നെ കളിക്കേണ്ടി വരുന്നതുകൊണ്ട് പലർക്കും അദ്ദേഹത്തിന്റെ കാര്യത്തിൽ ആശങ്കകൾ ഉണ്ട്. പക്ഷേ വരുന്ന സ്പെയിനിന്റെ മത്സരങ്ങളിലും അദ്ദേഹം കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മുഴുവൻ മത്സരങ്ങളിലും മുഴുവൻ സമയവും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു താരം കൂടിയാണ് ലാമിൻ യമാൽ.