കാര്യങ്ങളെ ഈസിയായി എടുക്കുന്നു,അർജന്റീന ശരിയായ വഴിയിൽ : വേൾഡ് കപ്പിനെ കുറിച്ച് ലിസാൻഡ്രോ!

അർജന്റൈൻ ടീമിലെ ഭാവി പ്രതീക്ഷകളിലൊന്നാണ് പ്രതിരോധനിരതാരമായ ലിസാൻഡ്രോ മാർട്ടിനെസ്. അയാക്സിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന താരം ഇതുവരെ അർജന്റീനക്ക് വേണ്ടി 6 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.അർജന്റീനയോടൊപ്പം കോപ അമേരിക്ക കിരീടവും താരം നേടിയിട്ടുണ്ട്.

ഏതായാലും ലിസാൻഡ്രോ മാർട്ടിനെസ് വരുന്ന വേൾഡ് കപ്പിലെ പ്രതീക്ഷകളെക്കുറിച്ച് ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അർജന്റീന ശരിയായ വഴിയിൽ തന്നെയാണ് എന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.തങ്ങൾ കാര്യങ്ങളെ ഈസിയായാണ് എടുക്കാറുള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ ഇപ്പോൾ നല്ല നിലയിലാണുള്ളത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഭാവിയെ കുറിച്ച് ഞങ്ങൾ ഒരുപാട് ചിന്തിക്കുന്നില്ല. മറിച്ച് കൂടുതൽ വർക്ക് ചെയ്യാനും ആസ്വദിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ആസ്വദിക്കൽ ബുദ്ധിമുട്ടാണ്.വളരെ വിനയപൂർവ്വം ഞങ്ങൾക്ക് ഒരുപാട് വർക്ക് ചെയ്യാനുണ്ട്. കാര്യങ്ങളെ ഞങ്ങൾ ഈസിയായാണ് എടുക്കാറുള്ളത്.ഞങ്ങൾ ഫേവറേറ്റുകളാണെന്നോ അല്ലെങ്കിൽ ഞങ്ങൾ കിരീടം നേടാൻ പോവുന്നു എന്ന ധാരണകളോ ഞങ്ങൾക്കില്ല. അത്തരം കാര്യങ്ങൾ തിരിച്ചടിയാകുമെന്ന് ഞങ്ങൾക്ക് തന്നെ അറിയാം.ഞങ്ങൾ ശരിയായ വഴിയിൽ തന്നെയാണ്.ഈ വഴിയിൽ തന്നെ ഞങ്ങൾ തുടരുകയാണ് വേണ്ടത് ” ഇതാണ് ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

നേരത്തെ തന്നെ ഖത്തർ വേൾഡ് കപ്പിന് അർജന്റീന യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ വെനിസ്വേല,ഇക്വഡോർ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *