കാനറിപ്പടയെ നയിക്കാൻ സിൽവ? ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്ക് നടന്നു കയറി താരം.

ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ടീം പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ സാധിച്ച താരമാണ് തിയാഗോ സിൽവ. പ്രായം 38 ആണെങ്കിലും അതിന്റെ യാതൊരു അവശതകളും ഇതുവരെ സിൽവ കാണിച്ചു തുടങ്ങിയിട്ടില്ല. മാത്രമല്ല പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള താരമാണ് തിയാഗോ സിൽവ.

മാത്രമല്ല തന്റെ കരിയറിലെ നാലാമത്തെ വേൾഡ് കപ്പിനാണ് സിൽവ ഇപ്പോൾ ഒരുങ്ങുന്നത്. കേവലം 7 ഇതിഹാസങ്ങൾ മാത്രമാണ് ബ്രസീലിൽ നിന്നും നാല് വേൾഡ് കപ്പുകളിൽ കളിച്ചിട്ടുള്ളത്.കാസ്റ്റിൽഹോ,നിൽടൺ സാന്റോസ്‌,ഡാൽമ സാന്റോസ്,പെലെ, എമേഴ്സൺ ലിയാവോ,കഫു, റൊണാൾഡോ നസാരിയോ എന്നിവരാണ് ബ്രസീലിന് വേണ്ടി നാല് വേൾഡ് കപ്പുകളിൽ പങ്കെടുത്തിട്ടുള്ള താരങ്ങൾ. ഈ ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ സിൽവ നടന്നുകയറുന്നത്.

അത് മാത്രമല്ല ബ്രസീലിയൻ ഇതിഹാസമായ കഫുവിന്റെ മറ്റൊരു റെക്കോർഡ് കൂടി തകർക്കൽ സിൽവക്ക് സാധ്യമാണ്. എന്തെന്നാൽ വേൾഡ് കപ്പുകളിൽ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ താരം എന്ന റെക്കോർഡ് കഫുവിന് സ്വന്തമാണ്.11 മത്സരങ്ങളിലാണ് ഇദ്ദേഹം ക്യാപ്റ്റൻ ആയിട്ടുള്ളത്. 8 മത്സരങ്ങളിൽ ക്യാപ്റ്റൻ ആയിട്ടുള്ള സിൽവ തൊട്ടു പിറകിലുണ്ട്. ഈ വേൾഡ് കപ്പിൽ നാല് മത്സരങ്ങളിൽ കൂടി ക്യാപ്റ്റൻ ആവാൻ സാധിച്ചാൽ ഈ റെക്കോർഡ് സ്വന്തം പേരിൽ ആക്കാൻ സിൽവക്ക് കഴിയും.

എന്നാൽ ബ്രസീലിന്റെ എല്ലാ മത്സരങ്ങളിലും സിൽവ ക്യാപ്റ്റൻ ആവുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്തെന്നാൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ക്യാപ്റ്റൻ സ്ഥാനം മത്സരങ്ങളിൽ വ്യത്യസ്ത താരങ്ങൾക്കാണ് നൽകാറുള്ളത്. ഈ വേൾഡ് കപ്പിൽ ബ്രസീലിന്റെ സ്ഥിര ക്യാപ്റ്റൻ ആവാൻ സാധിച്ചാൽ സിൽവക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞേക്കും.ഏതായാലും സിൽവയുടെ പരിചയസമ്പത്ത് ബ്രസീലിന് വേൾഡ് കപ്പിൽ ഗുണകരമാകുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *