കാത്ത് നിൽക്കൂ: തന്റെ ആരാധകനെ സംരക്ഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ പോളണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബെർണാഡോ സിൽവ ഒരു ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ സെൽഫ് ഗോളായിരുന്നു.ഈ ഗോൾ നേട്ടത്തോടുകൂടി കരിയറിൽ ആകെ 906 ഗോളുകൾ ക്രിസ്റ്റ്യാനോ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഈ മത്സരത്തിനിടയിൽ ഒരു ആരാധകൻ കളിക്കളം കയ്യേറിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ് അദ്ദേഹത്തിനോടൊപ്പം സെൽഫി എടുക്കാൻ വേണ്ടി കളിക്കളത്തിലേക്ക് അതിക്രമിച്ചു കടന്നത്. റൊണാൾഡോയുടെ അരികിലേക്ക് അദ്ദേഹം എത്തിയ സമയത്ത് ഒരു സെക്യൂരിറ്റി ഗാർഡ് ആരാധകനെ പിടിച്ച് മാറ്റാൻ വേണ്ടി അവിടെ എത്തുകയും ചെയ്തിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആ സെക്യൂരിറ്റി ഗാർഡിനോട് കാത്തുനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തന്റെ ആരാധകന് തന്നോടൊപ്പം സെൽഫി എടുക്കാൻ വേണ്ടിയാണ് റൊണാൾഡോ സെക്യൂരിറ്റി ഗാർഡിനോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടത്.തുടർന്ന് ആരാധകന് ക്രിസ്റ്റ്യാനോക്കൊപ്പം സെൽഫി ലഭിക്കുകയും ചെയ്തു.ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്. റൊണാൾഡോ തന്റെ ആരാധകനെ പരിഗണിച്ചത് പ്രശംസകള്‍ക്ക് കാരണമായിട്ടുണ്ട്.
ഈ സീസണിൽ 3 മത്സരങ്ങളാണ് റൊണാൾഡോ പോർച്ചുഗലിനു വേണ്ടി കളിച്ചിട്ടുള്ളത്.ആ മൂന്നു മത്സരങ്ങളിലും ഗോളടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.സീസണിൽ ഇതിനോടകം തന്നെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 11 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു.പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 133 ഗോളുകളും റൊണാൾഡോ സ്വന്തമാക്കി കഴിഞ്ഞു.