കളിക്കളം കയ്യേറി ആരാധകർ, തിരിച്ച് ആക്രമിച്ച് താരങ്ങൾ,തുർക്കിയിൽ നാടകീയ സംഭവങ്ങൾ.

ഇന്നലെ തുർക്കിഷ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ഫെനർബാഷെക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്കിയിലെ മറ്റൊരു കരുത്തരായ ട്രാബ്സൻസ്പോറിനെ ഫെനർബാഷെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരമായ ഫ്രഡ്‌ ആണ് ഈ മത്സരത്തിൽ തിളങ്ങിയത്. രണ്ട് ഗോളുകളാണ് ഫ്രഡ്‌ ഫെനർബാഷെക്ക് വേണ്ടി മത്സരത്തിൽ നേടിയിട്ടുള്ളത്.

എന്നാൽ ഈ മത്സരത്തിനു ശേഷം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.ട്രാബ്സൻസ്പോറിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഈ മത്സരത്തിനുശേഷം ഫെനർബാഷെ താരങ്ങൾ വിജയം ആഘോഷിക്കുകയായിരുന്നു. മൈതാന മധ്യത്തിൽ വച്ച് ഫെനർബാഷെ താരങ്ങൾ ഈ വിജയം ആഘോഷിച്ചത് എതിർ ആരാധകർക്ക് പിടിച്ചില്ല. അതിൽ ഒരു ആരാധകൻ കളിക്കളത്തിലേക്ക് അതിക്രമിച്ചു കടന്നുകൊണ്ട് ഫെനർബാഷെ താരങ്ങളെ ആക്രമിക്കാൻ ഓടി അടുക്കുകയായിരുന്നു. പക്ഷേ ആ ആരാധകന് പിഴച്ചു എന്ന് വേണം പറയാൻ.

എന്തെന്നാൽ ഫെനർബാഷെയുടെ പ്രതിരോധനിരതാരമായ ഒസായി സാമുവൽ ആ ആരാധകനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അതിനു പിന്നാലെ മറ്റൊരു ഫെനർബാഷെ താരമായ ബാറ്റ്സുഷായിയും ആ ആരാധകനെ ആക്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ നിരവധി ട്രാബ്സൻസ്പോർ ആരാധകർ കളിക്കളം കയ്യേറുകയും ഫെനർബാഷെ താരങ്ങളെ ആക്രമിക്കാൻ മുതിരുകയുമായിരുന്നു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പറ്റാത്തതായി.

ആരാധകരുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഫെനർബാഷെ താരങ്ങൾ ഒന്നടങ്കം ഡ്രസ്സിംഗ് റൂമിലേക്ക് ഓടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്. യാതൊരുവിധ പ്രകോപനവും കൂടാതെയാണ് ആരാധകർ കളിക്കളം കയ്യേറിയത്. എന്നാൽ സെൽഫ് ഡിഫൻസിന്റെ ഭാഗമായി ഫെനർബാഷെ താരങ്ങൾ അവരെ ആക്രമിക്കുകയും ചെയ്തു. ഏതായാലും തുർക്കിയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇതിനെ അപലപിച്ചിട്ടുണ്ട്. തുർക്കിഷ് ഫുട്ബോളിൽ പലപ്പോഴും ഇത്തരത്തിലുള്ള വിവാദ സംഭവങ്ങൾ സാധാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *