കരിയറിലെ പത്തൊൻപതാം ഹാട്രിക്ക് പൂർത്തിയാക്കിയ ശേഷം നെയ്മർ പറയുന്നതിങ്ങനെ !

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബ്രസീലിന് വേണ്ടി ഹാട്രിക്ക് നേടാൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് കഴിഞ്ഞിരുന്നു. മത്സരത്തിൽ ലഭിച്ച രണ്ട് പെനാൽറ്റികൾ ഉൾപ്പടെ ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടാണ് നെയ്മർ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. തന്റെ കരിയറിലെ പത്തൊൻപതാമത്തെ ഹാട്രിക്കാണ് നെയ്മർ ഇന്ന് പൂർത്തിയാക്കിയത്. ബ്രസീലിന് വേണ്ടി നാലു ഹാട്രിക്കുകളാണ് നെയ്മർ ഇതുവരെ പൂർത്തിയാക്കിയത്. 2012-ൽ ചൈനയെ എട്ട് ഗോളിന് കീഴടക്കിയ മത്സരത്തിലായിരുന്നു നെയ്‌മർ കാനറി ജേഴ്സിയിൽ ആദ്യമായി ഹാട്രിക്ക് പൂർത്തിയാക്കിയത്. തുടർന്ന് 2014-ൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള സൗഹൃദമത്സരത്തിൽ നെയ്മർ ഹാട്രിക്ക് കണ്ടെത്തി. അന്ന് അഞ്ച് ഗോളുകളാണ് ബ്രസീൽ നേടിയത്. പിന്നീട് 2014-ൽ തന്നെ ജപ്പാനെതിരെയും നെയ്മർ ഹാട്രിക് ഉൾപ്പടെ നാലു ഗോളുകൾ നേടി. അതിന് ശേഷം ഇതാദ്യമായാണ് നെയ്മർ ബ്രസീലിന് വേണ്ടി ഹാട്രിക്ക് കണ്ടെത്തുന്നത്.

2011-ലെ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നെയ്മർ പരാഗ്വക്കെതിരെ നാലു ഗോളുകൾ നേടിയിരുന്നുവെങ്കിലും അത് ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. 2018 ഒക്ടോബറിന് ശേഷം നെയ്മർ ഇതാദ്യമായാണ് ഹാട്രിക്ക് കണ്ടെത്തുന്നത്. അന്ന് പിഎസ്ജിക്ക് വേണ്ടിയായിരുന്നു ഹാട്രിക്ക് നേടിയത്. ബ്രസീൽ (4), പിഎസ്ജി (2), ബാഴ്‌സലോണ (4), സാന്റോസ് (9) എന്നിങ്ങനെയാണ് നെയ്മർ ഇതുവരെ ഹാട്രിക്ക് നേടിയതിന്റെ കണക്കുകൾ. കൂടാതെ റൊണാൾഡോയെ മറികടക്കാനും നെയ്മർക്ക് സാധിച്ചിട്ടുണ്ട്. മത്സരശേഷം നെയ്മർ പറഞ്ഞത് ഇങ്ങനെയാണ്. ” എല്ലാ ബ്രസീലിയൻ ജനതയുടെയും ആരാധനാപാത്രമാണ് റൊണാൾഡോ. ഞാൻ ആ സെലിബ്രേഷനിലൂടെ അദ്ദേഹത്തിന് ഒരു ട്രൈബൂട്ട് നൽകുകയാണ് ചെയ്തത്. മത്സരം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. എതിരാളികൾ കരുത്തരായിരുന്നു. അത് ഞങ്ങൾക്ക് ഒരുപാട് പ്രശ്നം സൃഷ്ടിച്ചു. സാഹചര്യങ്ങൾ ഒരിക്കലും ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. പക്ഷെ അതിനെയെല്ലാം ഞങ്ങൾ തരണം ചെയ്തു. മികച്ച മത്സരവും മികച്ച വിജയവും തന്നെയാണ് ഞങ്ങൾ കരസ്ഥമാക്കിയതു. അത് വളരെ പ്രധാനപ്പെട്ടതാണ് ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *