കരയല്ലേ സുഹൃത്തേ.. !പെറുവിയൻ താരത്തിന് മറുപടിയുമായി നെയ്മർ !

കഴിഞ്ഞ ദിവസമായിരുന്നു പെറുവിയൻ ഡിഫൻഡർ സംബ്രാനോ നെയ്മർ ജൂനിയർക്കെതിരെ രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും അഴിച്ചു വിട്ടിരുന്നത്. ബ്രസീൽ vs പെറു മത്സരത്തിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം നെയ്മറെ പരിഹസിച്ചത്. നെയ്മർ ജൂനിയർ തന്നെ സംബന്ധിച്ചെടുത്തോളം കേവലം ഒരു കോമാളി മാത്രമാണ് എന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്. നെയ്മർ മികച്ച കളിക്കാരനാണെന്നും എന്നാൽ തനിക്ക് അദ്ദേഹം ഒരു കോമാളി മാത്രമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വീഴാനുള്ള ചെറിയ അവസരങ്ങൾക്ക് പോലും അദ്ദേഹം കാത്തിരിക്കുകയാണെന്നും നാലോ അഞ്ചോ തവണ പെനാൽറ്റിക്ക് വേണ്ടി നെയ്മർ മനഃപൂർവം വീണുവെന്നും അങ്ങനെയാണ് ബ്രസീലിന് രണ്ട് പെനാൽറ്റികൾ ലഭിച്ചത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മത്സരത്തിൽ നെയ്മർ ഹാട്രിക്ക് നേടിയിരുന്നു. കൂടാതെ സംബ്രാനോ റെഡ് കാർഡ് കണ്ടു പുറത്തു പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംബ്രാനോക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നെയ്മർ ജൂനിയർ.

” കരയല്ലേ സുഹൃത്തേ…. നിനക്ക് വേണ്ടി മൂന്ന് ആശ്ലേഷങ്ങൾ… ” ഇതായിരുന്നു നെയ്മർ ജൂനിയർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ബ്രസീലിയൻ മാധ്യമമായ എസ്പോർട്ടെ ഇന്ററാറ്റീവോ സംബ്രാനോയുടെ വാക്കുകൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനെ കമന്റ് ബോക്സിലാണ് നെയ്മർ ജൂനിയർ സംബ്രാനോക്ക് മറുപടി നൽകിയത്. കരയല്ലേ സുഹൃത്തേ എന്ന് പറഞ്ഞു കൊണ്ട് നെയ്മർ താരത്തെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്നു എന്ന രൂപത്തിലാണ് നെയ്മർ ആ കമന്റ് രേഖപ്പെടുത്തിയത്. ഏതായാലും ആ മത്സരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമാവുന്നില്ല. മുമ്പ് കാസമിറോ പെറു താരങ്ങളോട് ഒരല്പം ബഹുമാനം കാണിക്കാൻ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം പെറുവിയൻ മാധ്യമങ്ങൾ റഫറിക്കെതിരെ രംഗത്ത് വന്നിരുന്നു. ബ്രസീലിന് അനുകൂലമായി തീരുമാനങ്ങൾ എടുത്തു എന്നായിരുന്നു ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *