കയ്യടി,ചാന്റുകൾ,ടീമിന് വിടചൊല്ലി അർജന്റൈൻ ആരാധകർ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വെനിസ്വേലയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,എയ്ഞ്ചൽ ഡി മരിയ,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.
അർജന്റീനയുടെ സ്വന്തം മൈതാനമായ ലാ ബോംബനേരയിൽ വെച്ചായിരുന്നു ഈയൊരു മത്സരം അരങ്ങേറിയത്.ഖത്തർ വേൾഡ് കപ്പിന് മുന്നേ സ്വന്തം മണ്ണിൽ അർജന്റീന കളിക്കുന്ന അവസാനത്തെ മത്സരമായിരുന്നു ഇത്.അത്കൊണ്ട് തന്നെ നിരവധി ആരാധകരായിരുന്നു മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ഓരോ നിമിഷവും അവർ ടീമിന് പ്രചോദനമേകി കൊണ്ടിരുന്നു.കയ്യടികളും ചാന്റുകളുമായി അവർ മത്സരം ആഘോഷമാക്കി.സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരുൾപ്പടെയുള്ള ചാന്റുകളായിരുന്നു സ്റ്റേഡിയത്തിൽ മുഴങ്ങിയത്.വൈകാരികമായി കൊണ്ടാണ് ആരാധകർ ടീമിന് സ്വന്തം മണ്ണിൽ നിന്നും വിടചൊല്ലിയത്.
Lionel Messi and the Argentina national team celebrating their win. pic.twitter.com/70SwHlV5Bz
— Roy Nemer (@RoyNemer) March 26, 2022
ഇനി അർജന്റീനയുടെ അടുത്ത മത്സരം ഇക്വഡോറിനെതിരെയാണ്.ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. മാത്രമല്ല, വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ സസ്പെന്റ് ചെയ്യപ്പെട്ട ബ്രസീലിനെതിരെയുള്ള മത്സരം കൂടി അർജന്റീനക്ക് അവശേഷിക്കുന്നുണ്ട്.പക്ഷെ അത് സൗത്ത് അമേരിക്കക്ക് പുറത്ത് നടത്താനാണ് സാധ്യത.
കൂടാതെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരെയും അർജന്റീന കളിക്കുന്നുണ്ട്. ജൂൺ ഒന്നിന് ലണ്ടനിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.പിന്നീട് നവംബറിലാണ് അർജന്റീന ഖത്തറിലേക്ക് പറക്കുക.
നിലവിൽ 30 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള കുതിപ്പാണ് അർജന്റീന നടത്തുന്നത്. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ അപരാജിതക്കുതിപ്പ് ഇറ്റലിയുടെ പേരിലാണ്.37 മത്സരങ്ങളാണ് ഇറ്റലി തോൽവിയറിയാതെ കുതിച്ചിട്ടുള്ളത്. ഈയൊരു റെക്കോർഡ് തകർക്കാൻ അർജന്റീനക്ക് സാധിക്കുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.