ഓരോ 145 മിനുട്ടിലും ഓരോ ഗോൾ, എല്ലാ ബ്രസീലിയൻ സ്‌ട്രൈക്കർമാരെയും കടത്തിവെട്ടി കുൻഹ.

കഴിഞ്ഞ ദിവസമായിരുന്നു ഹെർത്ത ബെർലിൻ താരം കുൻഹക്ക് ബ്രസീലിയൻ ദേശീയടീമിലേക്കുള്ള വിളി വന്നത്. പരിക്കേറ്റ ഗബ്രിയേൽ ജീസസിന് പകരക്കാരനായിട്ടാണ് കുൻഹ പരിശീലകൻ ടിറ്റെ ബ്രസീലിയൻ ടീമിലേക്ക് വിളിച്ചത്. ഹെർത്ത ബെർലിന് വേണ്ടിയുള്ള മിന്നും പ്രകടനമാണ് താരത്തെ ബ്രസീൽ ടീമിൽ ആദ്യമായി ഇടം പിടിക്കാൻ സഹായിച്ചത്. മുമ്പ് ബ്രസീലിന്റെ അണ്ടർ 23 ക്ക് വേണ്ടി കളിച്ച താരം ഇതാദ്യമായാണ് സീനിയർ ടീമിലേക്ക് കടന്നുവരുന്നത്. ബ്രസീലിന്റെ അണ്ടർ 23 ടീമിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അടിച്ചു കൂട്ടിയ താരമാണ് കുൻഹ. താരത്തിന്റെ ക്ലബിലും മിന്നും പ്രകടനമാണ് താരത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്. ഈ വർഷം ആകെ പതിനാലു മത്സരങ്ങൾ കളിച്ച താരം ഏഴ് ഗോളുകളാണ് നേടിയത്.കളിച്ച സമയത്തിന്റെയും നേടിയ ഗോളിന്റെയും ശരാശരി വെച്ചുനോക്കിയാൽ ബ്രസീലിന്റെ എല്ലാ സ്‌ട്രൈക്കർമാരെയും താരം കടത്തിവെട്ടും.

14 മത്സരങ്ങൾ കളിച്ച കുൻഹ ആകെ കളത്തിൽ ചിലവഴിച്ച മിനുട്ടുകൾ 1015 ആണ്. ആകെ ഏഴ് ഗോളുകളും നേടി. അതായത് ഓരോ 145 മിനുട്ടിലും ഓരോ ഗോൾ. ഇനി പിഎസ്ജിയുടെ നെയ്മറുടെ കണക്കുകൾ നോക്കാം. 16 മത്സരങ്ങൾ കളിച്ച താരം 1470 മിനുട്ടുകൾ കളത്തിൽ ചിലവഴിക്കുകയും 10 ഗോളുകൾ നേടുകയും ചെയ്തു. അതായത് ഓരോ 147 മിനുട്ടിലും നെയ്മർ ഓരോ ഗോൾ വീതം നേടുന്നു. ഇനി എവർട്ടണിന്റെ റിച്ചാർലീസണിലേക്ക് വരാം. താരം 20 മത്സരങ്ങൾ കളിക്കുകയും 1732 മിനുട്ടുകൾ കളത്തിൽ ചിലവഴിച്ച് നേടിയത് 9 ഗോളുകൾ ആണ്. അതായത് ഓരോ 192 മിനുട്ടിലും ഓരോ ഗോൾ. ഇനി ബെൻഫിക്കയുടെ എവെർട്ടണിന്റെ കാര്യത്തിലേക്ക് വരാം. താരം 17 മത്സരങ്ങളിൽ നിന്നായി 1485 മിനുട്ടുകൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തു. അതായത് ഓരോ 371 മിനിറ്റിലും ഓരോ ഗോൾ. ഇനി ലിവർപൂളിന്റെ ഫിമിഞ്ഞോയുടെ കണക്കുകൾ ഇങ്ങനെയാണ്. 26 മത്സരങ്ങളിൽ നിന്നായി 1949 മിനുട്ടുകൾ കളിച്ച താരം നേടിയത് 4 ഗോളുകളാണ്. അതായത് ഓരോ 487 മിനുട്ടുകൾക്കിടയിലും ഓരോ ഗോൾ വീതം. റയൽ താരം റോഡ്രിഗോ 13 മത്സരങ്ങളിൽ നിന്നായി 714 മിനുട്ടുകൾ കളിച്ച് ഒരു ഗോൾ നേടി. അതായത് 714 മിനുട്ടിനുള്ളിൽ ഓരോ ഗോൾ വീതം. ഈ കണക്കുകൾ എല്ലാം തന്നെ കുൻഹയുടെ ഗോളടി മികവിനെയാണ് കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *