ഒരു വലിയ കാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു: ആരാധകർക്ക് എംബപ്പേയുടെ സന്ദേശം!

യുവേഫ യൂറോ കപ്പിലെ ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ വമ്പൻമാരായ ഫ്രാൻസ് ഉള്ളത്.ഓസ്ട്രിയയാണ് ആദ്യ മത്സരത്തിൽ ഫ്രാൻസിന്റെ എതിരാളികൾ.വരുന്ന പതിനേഴാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. ടൂർണമെന്റിലെ കിരീടഫേവറേറ്റുകളിൽ ഒന്നാണ് ഫ്രാൻസ്. പക്ഷേ മികച്ച പ്രകടനം നടത്തുന്ന ഓസ്ട്രിയയെ മറികടക്കുക എന്നത് ഫ്രഞ്ച് പടയെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

കിലിയൻ എംബപ്പേയുടെ ക്യാപ്റ്റൻസിൽ ഫ്രാൻസ് പങ്കെടുക്കുന്ന ആദ്യത്തെ കോമ്പറ്റീഷൻ കൂടിയാണ് ഈ യൂറോ കപ്പ്. മാത്രമല്ല ഫ്രഞ്ച് ടീമിനോടൊപ്പം യൂറോ കപ്പ് സ്വന്തമാക്കാൻ ഇതുവരെ എംബപ്പേക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കിരീടം എന്ന ഒരൊറ്റ ലക്ഷ്യം വെച്ചുകൊണ്ടാണ് എംബപ്പേയും സഹതാരങ്ങളും ഇപ്പോൾ ജർമനിയിൽ എത്തിയിട്ടുള്ളത്.ഇത് ആരാധകർക്കായി നൽകിയ പുതിയ സന്ദേശത്തിൽ എംബപ്പേ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ കാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ മെസ്സേജ് ഇങ്ങനെയാണ്.

“ഞങ്ങൾ ജർമ്മനിയിൽ എത്തിച്ചേർന്നിട്ടുണ്ട്.നിങ്ങൾ ഒരുപാട് ആരാധകർ ഇങ്ങോട്ട് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഒരു വലിയ കാര്യം ചെയ്യാനായി തയ്യാറെടുത്തു കഴിഞ്ഞു ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. കിരീടം തന്നെയാണ് ലക്ഷ്യമെന്ന് എംബപ്പേ ഇതിലൂടെ പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്.

വൈറൽ പനി ഫ്രഞ്ച് ക്യാമ്പിൽ ആശങ്ക വിതച്ചിരുന്നു.എംബപ്പേ,കോമാൻ എന്നിവർക്ക് പരിശീലനം നഷ്ടമാവുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഏറ്റവും മികച്ച നിരയെ തന്നെയായിരിക്കും ആദ്യ മത്സരത്തിന് വേണ്ടി ഫ്രാൻസ് കളിക്കളത്തിലേക്ക് ഇറക്കുക.എംബപ്പേ തന്നെയാണ് ഫ്രഞ്ച് ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *