ഒഫീഷ്യൽ : സെർജിയോ അഗ്വേറോ ഫുട്ബോളിനോട് വിടപറഞ്ഞു!

അർജന്റീനയിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒട്ടേറെ ചരിത്രങ്ങൾ രചിച്ച സെർജിയോ അഗ്വേറോ ഇനി പന്ത് തട്ടില്ല. ഫുട്ബോളിൽ നിന്നും താൻ വിരമിക്കുന്ന കാര്യം അഗ്വേറോ തന്നെ നേരിട്ട് അറിയിക്കുകയായിരുന്നു. അല്പം മുമ്പ് ക്യാമ്പ് നൗവിൽ വെച്ച് നടന്ന ചടങ്ങിലാണ് അഗ്വേറോ ഫുട്ബോളിനോട് വിടപറഞ്ഞത്.ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് താരം ഫുട്ബോളിൽ നിന്നും വിരമിക്കുന്നത്
അഗ്വേറോ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിക്കുകയാണ്.ഞാനെന്റെ തലയുയർത്തിയാണ് മടങ്ങുന്നത്.എന്റെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ട് ഏറിയ സമയമാണ്.ഫുട്ബോൾ അവസാനിപ്പിക്കുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലതെന്ന് എന്റെ മെഡിക്കൽ സ്റ്റാഫ് എന്നോട് പറഞ്ഞു.അത് കൊണ്ട് തന്നെ ഞാൻ ബാഴ്‌സയോടും ഫുട്ബോളിനോടും വിട ചൊല്ലുന്നു.പക്ഷെ ഞാൻ ഹാപ്പിയാണ്. ജീവിതത്തിന്റെ അടുത്തഘട്ടത്തിൽ എന്നെ എന്താണ് കാത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല ” അഗ്വേറോ പറഞ്ഞു.

33-ആമത്തെ വയസ്സിലാണ് അഗ്വേറോ ഫുട്ബോൾ അവസാനിപ്പിക്കുന്നത്.786 മത്സരങ്ങളാണ് താരം ആകെ കളിച്ചത്.ഇതിൽ നിന്നായി 426 ഗോളുകളും 118 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.ഇന്റിപെന്റന്റെ, അത്ലറ്റിക്കോ മാഡ്രിഡ്‌, മാഞ്ചസ്റ്റർ സിറ്റി, അർജന്റീന എന്നിവർക്ക് വേണ്ടിയാണ് അഗ്വേറോ പന്ത് തട്ടിയിട്ടുള്ളത്. സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ ആണ് താരം. എന്നാൽ ബാഴ്സക്ക് വേണ്ടിയാണ് അഗ്വേറോ അവസാനമായി കളിച്ചതും ഗോൾ നേടിയതും. ഏതായാലും താരത്തിന് നേരത്തെയുള്ള വിടചൊല്ലൽ ഫുട്ബോൾ ലോകത്തിന് തന്നെ നഷ്ടമാണ് ഏൽപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *