ഒഫീഷ്യൽ: ലൗറ്ററോ തീരുമാനമെടുത്തു!

സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് ഇറ്റാലിയൻ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ ലീഗിലെ ഗോൾഡൻ ബൂട്ട് അദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. 24 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്.

അതിന് പിന്നാലെ കോപ്പ അമേരിക്കയിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ലൗറ്ററോക്ക് സാധിച്ചിട്ടുണ്ട്.കോപ്പ അമേരിക്കയിൽ ആറു മത്സരങ്ങൾ കളിച്ച താരം 5 ഗോളുകൾ നേടി.കോപ്പയിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും സ്വന്തമാക്കിയത് ലൗറ്ററോ തന്നെയാണ്. ഫൈനലിലെ വിജയഗോളും അദ്ദേഹം തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. അങ്ങനെ തകർപ്പൻ ഫോമിൽ കളിക്കുന്ന ലൗറ്ററോക്ക് ഇപ്പോൾ പലരും ബാലൺഡി’ഓർ സാധ്യത കൽപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു.ഇന്റർ മിലാനുമായുള്ള കോൺട്രാക്ട് അദ്ദേഹം പുതുക്കിയിട്ടുണ്ട്.നേരത്തെ ബാഴ്സലോണ ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ച താരമാണ് ലൗറ്ററോ. എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ അദ്ദേഹത്തിന് ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല.29 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്. 9 മില്യൺ യൂറോയാണ് താരത്തിന്റെ സാലറി. കൂടാതെ ആഡ് ഓൺസും താരത്തിന് ക്ലബ്ബിൽ നിന്നും ലഭിക്കും.

2018 ലാണ് ഈ അർജന്റൈൻ സൂപ്പർ താരം ഇന്റർ മിലാനിൽ എത്തിയത്.ക്ലബ്ബിന് വേണ്ടി ആകെ 282 മത്സരങ്ങൾ കളിച്ച താരം 172 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ഏഴ് കിരീടങ്ങളും ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്. വരുന്ന സീസണിലും താരം മികവ് തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *