ഒട്ടും ശ്രദ്ധയില്ല: സ്പെയിനിനെതിരെ രൂക്ഷ വിമർശനവുമായി ലാപോർട്ട!

ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ സ്പെയിനിന് വേണ്ടി ആദ്യത്തെ മത്സരം കളിക്കാൻ സൂപ്പർതാരം ലാമിൻ യമാലിന് സാധിച്ചിരുന്നു.എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു.തുടർന്ന് രണ്ടാമത്തെ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല.തന്റെ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. പക്ഷേ രണ്ടാമത്തെ മത്സരത്തിലും കളിക്കാൻ വേണ്ടി അദ്ദേഹത്തെ സ്പെയിൻ പ്രേരിപ്പിച്ചിരുന്നു. അത്തരത്തിലുള്ള ആരോപണം ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട ഉയർത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഇന്റർനാഷണൽ ബ്രേക്കിൽ സ്പെയിനിന് വേണ്ടി കളിക്കുന്ന സമയത്താണ് ഗാവിക്ക് ഗുരുതരമായി പരിക്കേറ്റത്.ഏകദേശം ഒരു വർഷത്തോളമായി അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇങ്ങനെ തങ്ങളുടെ താരങ്ങൾക്ക് പരിക്കേൽക്കുന്നതിൽ സ്പെയിനിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പ്രസിഡണ്ട് ആയ ലാപോർട്ട.ഒട്ടും ശ്രദ്ധയില്ലാത്തവരാണ് സ്പെയിൻ എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യ മത്സരത്തിൽ പരിക്കേറ്റിട്ടും യമാലിനെ അവിടെ നിലനിർത്താനും തൊട്ടടുത്ത മത്സരത്തിൽ കളിപ്പിക്കാനും വേണ്ടി പ്രേരിപ്പിച്ചവരാണ് സ്പെയിൻ.അത് എനിക്ക് ഒട്ടും ഇഷ്ടമായിട്ടില്ല.പിന്നീട് ഞങ്ങൾ അതിൽ ഇടപെടുകയായിരുന്നു.ഞങ്ങളുടെ താരങ്ങളെ ഞങ്ങൾക്ക് സംരക്ഷിക്കേണ്ടതുണ്ട്. ഞങ്ങൾ അക്കാര്യത്തിൽ നടപടിയെടുത്തു. സ്പെയിൻ തികച്ചും അശ്രദ്ധമായി കൊണ്ടാണ് ഇതിലൊക്കെ ഇടപെടുന്നത്. ഞാൻ ഗാവിയെ മെൻഷൻ ചെയ്യാൻ മറന്നു.അദ്ദേഹം അന്ന് സ്പെയിനിനു വേണ്ടി കളിച്ചില്ലായിരുന്നുവെങ്കിൽ ഇന്നും കളിക്കളത്തിൽ ഉണ്ടാകുമായിരുന്നു. ശരിക്കും ഇവിടത്തെ നിയമങ്ങൾ മാറേണ്ടതുണ്ട്.ഇന്റർനാഷണൽ ബ്രേക്കിൽ ദേശീയ ടീമിനുവേണ്ടി കളിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം താരങ്ങൾക്ക് നൽകണം. തീർച്ചയായും അവരുടെ ശരീരത്തെ അവർ പരിഗണിക്കേണ്ടതുണ്ട് “ഇതാണ് ബാഴ്സലോണയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഇന്റർനാഷണൽ ബ്രേക്കിൽ പരിക്കേൽക്കുന്നത് ഇപ്പോൾ ഒരു പതിവ് കഥയാണ്.അത് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിക്കുന്നത് ക്ലബ്ബുകൾക്ക് തന്നെയാണ്.അതുകൊണ്ടുതന്നെ പല താരങ്ങളും ഇപ്പോൾ രാജ്യങ്ങൾക്ക് വേണ്ടി കളിക്കാൻ മടിക്കുന്നുണ്ട്. ഒരു സീസണിൽ നിരവധി മത്സരങ്ങൾ കളിക്കേണ്ടി വരുന്നു എന്നുള്ളതും താരങ്ങൾക്ക് മടുപ്പ് ഉണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *