എൻഡ്രിക്കും എസ്റ്റവായോയും : പ്രതീക്ഷകൾ പങ്കുവെച്ച് മൗറ!
ബ്രസീലിന്റെ രണ്ട് യുവ പ്രതിഭകളാണ് എൻഡ്രിക്കും എസ്റ്റവായോ വില്യനും. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ 17 കാരനായ എസ്റ്റവായോക്ക് സാധിച്ചിരുന്നു. അതേസമയം ബ്രസീൽ ദേശീയ ടീമിന് വേണ്ടി 10 മത്സരങ്ങൾ കളിച്ച എൻഡ്രിക്ക് മൂന്ന് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.
ഈ രണ്ട് യുവതാരങ്ങളും ബ്രസീലിന്റെ ഭാവി പ്രതീക്ഷകളാണ്. ഈ താരങ്ങളെ കുറിച്ച് മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ലുകാസ് മൗറ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. രണ്ട് പേരും കിടിലൻ താരങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിൽ ബ്രസീൽ ടീമിനോടൊപ്പമുള്ള താരമാണ് മൗറ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബ്രസീലിയൻ ഫുട്ബോളിന്റെ ഭാവിയാണ് എൻഡ്രിക്കും എസ്റ്റവായോയും. ഒരുപാട് പ്രതിഭയുള്ള താരങ്ങളാണ് അവർ.തീർച്ചയായും വലിയൊരു ഭാവി അവരുടെ മുന്നിലുണ്ട്. അവർ എത്രത്തോളം മുന്നോട്ടു പോകും എന്നുള്ളത് നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ രണ്ടുപേരും കിടിലൻ താരങ്ങളാണ്. യുവതാരങ്ങൾ ആണെങ്കിലും അവർക്ക് കരുത്തും പേഴ്സണാലിറ്റിയും ശാന്തതയും ഉണ്ട്.അവർ ഒരുപാട് മുന്നോട്ടുപോകുമെന്നും ബ്രസീലിയൻ ദേശീയ ടീമിനെ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അവരുടെ ടാലെന്റിനെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അത് അവരെ തന്നെയാണ് ആശ്രയിച്ചിരിക്കുന്നത് ” ഇതാണ് ലൂക്കാസ് മൗറ പറഞ്ഞിട്ടുള്ളത്.
ഇനി ബ്രസീൽ അടുത്ത മത്സരത്തിൽ പരാഗ്വയെയാണ് നേരിടുക. വരുന്ന ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 6 മണിക്കാണ് മത്സരം നടക്കുക.പരാഗ്വയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ബ്രസീൽ പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്.