എല്ലാ പത്രങ്ങളുടെയും മുൻപേജിൽ എപ്പോഴും മെസ്സിയായിരിക്കണം: ഡി പോൾ
ലയണൽ മെസ്സി എന്ന ക്യാപ്റ്റന്റെ കീഴിലാണ് അർജന്റീന ദേശീയ ടീം സമീപകാലത്ത് ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്. ലയണൽ മെസ്സിക്ക് കീഴിൽ ഒരു മികച്ച ടീമിനെ തന്നെ ഉണ്ടാക്കിയെടുക്കാൻ അവരുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് സാധിച്ചിട്ടുണ്ട്.മെസ്സിക്ക് വേണ്ടി പോരാടുന്ന ഒരു കൂട്ടം യോദ്ധാക്കൾ എന്നാണ് പലരും അർജന്റീന താരങ്ങളെ വിശേഷിപ്പിച്ചിട്ടുള്ളത്. അവരുടെ പോരാട്ട വീര്യം കൊണ്ടുതന്നെയാണ് അർജന്റീന ഇന്ന് ഈ കാണുന്ന ഉയരത്തിൽ എത്തിയിട്ടുള്ളത്.
ലയണൽ മെസ്സിയെ പ്രൊട്ടക്ട് ചെയ്യാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന താരമാണ് റോഡ്രിഗോ ഡി പോൾ. പുതുതായി നൽകിയ അഭിമുഖത്തിൽ ഒരിക്കൽ കൂടി മെസ്സിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.അർജന്റീന താരങ്ങൾ ചെയ്യുന്നതെല്ലാം മെസ്സിക്ക് വേണ്ടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാ പത്രങ്ങളുടെയും മുൻപേജിൽ എപ്പോഴും മെസ്സിയായിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡി പോൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അർജന്റീന എന്ന കപ്പലിന്റെ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ്.ഞങ്ങൾ ചെയ്യുന്നതെല്ലാം മെസ്സിക്ക് വേണ്ടിയാണ്.ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നത്.എല്ലാ പത്രങ്ങളുടെയും മുൻപേജിൽ ലയണൽ മെസ്സി ആയിരിക്കണം,അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങൾ പുറകിൽ നിന്നും പുഷ് ചെയ്യുന്നത് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങളിൽ മെസ്സി കളിച്ചിരുന്നില്ല.പരിക്ക് കാരണമായിരുന്നു മെസ്സിക്ക് മത്സരങ്ങൾ നഷ്ടമായത്. എന്നാൽ വരുന്ന മത്സരങ്ങളിൽ മെസ്സി അർജന്റീനക്ക് വേണ്ടി ബൂട്ടണിയും.വെനിസ്വേല,ബൊളീവിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. അവസാനമായി കളിച്ച മത്സരത്തിൽ കൊളംബിയയോട് തോൽവി വഴങ്ങേണ്ടി വന്നത് അർജന്റീനക്ക് ഒരല്പം ക്ഷീണം ചെയ്യുന്ന കാര്യമാണ്.