എല്ലാവരും ജയിക്കാനാഗ്രഹിക്കുന്ന സൗഹൃദ മത്സരം, താരങ്ങളുടെ കാര്യത്തിൽ അവർ മികച്ചതല്ല: ബ്രൂണോ ഗുയ്മിറസ്

ഫുട്ബോൾ ലോകത്തെ ഒരു വമ്പൻ പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നത്. സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ യൂറോപ്പ്യൻ കരുത്തരായ ഇംഗ്ലണ്ടാണ്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഇംഗ്ലണ്ടിനാണ് മുൻതൂക്കമെങ്കിലും ഒരു കാരണവശാലും എഴുതിത്തള്ളാൻ കഴിയാത്ത ടീമാണ് ബ്രസീൽ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം നടത്തുന്ന ബ്രൂണോ ഗുയ്മിറസ് ബ്രസീൽ ദേശീയ ടീമിലും ഇടം നേടിയിട്ടുണ്ട്. അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ബ്രൂണോ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.അത് ഇങ്ങനെയാണ്.

” ഇംഗ്ലണ്ടിലെ പല താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നസാക്ഷാത്കാരമാണ്.അവർ എന്നോട് പറഞ്ഞിട്ടുണ്ട്.വെമ്ബ്ലി എന്നത് ഇംഗ്ലണ്ടുകാരെ സംബന്ധിച്ചെടുത്തോളം ബ്രസീലിന്റെ മാരക്കാന പോലെയാണ്. ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഈ ജനറേഷന് ഗോൾഡൻ ജനറേഷൻ ആവാനുള്ള കഴിവുണ്ട്. ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട്.ഒരു മികച്ച മത്സരം തന്നെയായിരിക്കും ഇത്.ഇതൊരു സൗഹൃദമത്സരമാണെങ്കിലും എല്ലാവരും വിജയിക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇത്. ഫുട്ബോൾ ആരാധകർക്ക് ഇതൊരു മികച്ച അനുഭവമായിരിക്കും ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

അതേസമയം ബ്രസീൽ ഫുട്ബോളും ഇംഗ്ലീഷ് ഫുട്ബോളും തമ്മിലുള്ള ഒരു താരതമ്യം നടത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.ബ്രൂണോ അതിന് നൽകുന്ന മറുപടി ഇങ്ങനെയാണ്.

” ഘടനയുടെ കാര്യത്തിൽ നമ്മൾ താരതമ്യം ചെയ്യുകയാണെങ്കിൽ ഇംഗ്ലണ്ടാണ് മികച്ചത് എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഇവിടുത്തെ ഗ്രൗണ്ടുകളും സംഘാടനവും കളി ശൈലിയും വിസിബിലിറ്റിയുമൊക്കെ ഏറെ മികച്ചതാണ്.എന്നാൽ താരങ്ങളുടെ കാര്യം താരതമ്യം ചെയ്യുകയാണെങ്കിൽ അവർ മികച്ചതാണെന്ന് ഞാൻ പറയില്ല. കാരണം ഞങ്ങളുടെ രാജ്യത്തുനിന്ന് പ്രതിഭകളെ അവർ കൊണ്ടുവരുന്നു.യുവതാരങ്ങളെ തന്നെ അവർക്ക് വേണം. പ്രതിഭയുടെ കാര്യത്തിൽ അവർ മുന്നിലാണെന്ന് ഞാൻ പറയില്ല.തീർച്ചയായും അവർക്ക് മികച്ച താരങ്ങൾ ഉണ്ട്. അതിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങൾക്കും മികച്ച താരങ്ങളുണ്ട് ” ഇതാണ് ബ്രൂണോ ഗുയ്മിറസ് പറഞ്ഞിട്ടുള്ളത്.

ഒരു മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിരവധി സൂപ്പർ താരങ്ങളാൽ സമ്പന്നമാണ് ഇപ്പോഴത്തെ ഇംഗ്ലണ്ട്. ബ്രസീലാവട്ടെ അവസാനത്തെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനാണ് ഇപ്പോൾ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *