എല്ലാത്തിനും ആദ്യം ബുദ്ധിമുട്ട് അനുഭവിക്കുന്നത് മെസ്സിയെന്ന് അഗ്വേറോ
സൂപ്പർ താരം ലയണൽ മെസ്സിക്ക് പിന്തുണയുമായി അർജന്റൈൻ സഹതാരം സെർജിയോ അഗ്വേറോ. അർജന്റീനയിൽ എന്തൊക്കെ സംഭവിച്ചാലും ആദ്യം ബുദ്ദിമുട്ട് അനുഭവിക്കുന്നത് മെസ്സിയെന്ന് അഗ്വേറോ. ആളുകൾ അർജന്റീന ടീമിലെ മെസ്സിയെ എന്ത്കൊണ്ടാണ് വിമർശിക്കുന്നത് എന്ന് തനിക്കിത് വരെ മനസ്സിലായിട്ടില്ലെന്നും അഗ്വേറോ പറഞ്ഞു. കഴിഞ്ഞ ദിവസം ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അഗ്വേറോ മെസ്സിയെ കുറിച്ച് സംസാരിച്ചത്. എന്ത് കാര്യത്തിനും മെസ്സിയെ വിമർശിക്കുന്നതിന്റെ ഔചിത്യം എന്തെന്ന് തനിക്കിത് വരെ മനസ്സിലായിട്ടില്ലെന്നും അഗ്വേറോ പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധി മൂലം നിർത്തിവെച്ച മത്സരങ്ങളെ കുറിച്ചും അഗ്വേറോ സംസാരിച്ചു. ” നിലവിൽ എന്ത് ചെയ്യണമെന്ന കാര്യത്തെ കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. ക്ലബുകൾ എല്ലാം തന്നെ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. മത്സരങ്ങൾ നീട്ടിവെക്കുന്ന കാലത്തോളം താരങ്ങളുടെ കരാറിനെയാണ് അത് ബാധിക്കുന്നത്. താരങ്ങൾക്ക് മൂന്ന് മാസത്തിനോ ആറു മാസത്തിനോ കരാർ നീട്ടാനാവുമോ എന്ന കാര്യം എനിക്കറിയില്ല. ആദ്യം ചെയ്യേണ്ട കാര്യം ഈ സീസൺ എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ ശ്രമിക്കുക എന്നതാണ് ” അഗ്വേറോ പറഞ്ഞു.