എമി മാർട്ടിനസ് ഇന്ന് ഇന്ത്യയിൽ, പ്രോഗ്രാമുകൾ അറിയൂ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ ഗോൾകീപ്പറാണ് എമിലിയാനോ മാർട്ടിനസ്.പല മത്സരങ്ങളിലും അദ്ദേഹം അർജന്റീനയെ രക്ഷിച്ചിരുന്നു. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരവും ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവുമൊക്കെ എമി മാർട്ടിനസ് തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ എത്തിയിട്ടുണ്ട്. ജൂലൈ മൂന്നാം തീയതി അഥവാ ഇന്നുമുതൽ ജൂലൈ ആറാം തീയതി വരെ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിൽ ഉണ്ടാവും. കൊൽക്കത്തയിലായിരിക്കും അദ്ദേഹം ചിലവഴിക്കുക. പ്രശസ്ത സ്പോർട്സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ സറ്റാധ്രു ദത്തയാണ് ഈ അർജന്റീന ഗോൾകീപ്പർ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ,മറഡോണ,കഫു എന്നിവരെയൊക്കെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ള വ്യക്തി കൂടിയാണ് ദത്ത.

കൊൽക്കത്തയിലെ ITC റോയൽ ബംഗാളിലാണ് അദ്ദേഹം താമസിക്കുക. ജൂലൈ നാലാം തീയതി മിലാൻ മേളയിൽ വെച്ച് തന്റെ ആരാധകരോട് സംവദിക്കും. 500 സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 5000 ത്തോളം പേർ ഈ പരിപാടിയിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തർ വേൾഡ് കപ്പിനെ കുറിച്ചുള്ള അനുഭവങ്ങളൊക്കെ അദ്ദേഹം പങ്കുവെക്കും. മാത്രമല്ല ബംഗാളിലെ ഫുട്ബോൾ കോച്ചിംഗ് സെന്ററുകളിലെ ആയിരത്തോളം വരുന്ന കുട്ടികളും ഈ പരിപാടിയിൽ പങ്കാളികളാവും.

അതിനുശേഷം food ball derby എന്ന പരിപാടിയിൽ ഇദ്ദേഹം പങ്കെടുക്കും. ബംഗാളിലെ പ്രശസ്തരായ 10 മുൻ ഗോൾ കീപ്പർമാരെ ഈ പരിപാടിയിൽ വച്ച് ആദരിക്കും. കൂടാതെ മോഹൻ ബഗാൻ ഓൾ സ്റ്റാർസും കൊൽക്കത്ത പോലീസ് സ്റ്റാർസും തമ്മിൽ ഒരു സൗഹൃദ മത്സരമുണ്ട്. ആ മത്സരത്തിലെ മുഖ്യാതിഥി അർജന്റീന ഗോൾ കീപ്പറായിരിക്കും. ഇതിന് പുറമെ മറ്റു പല പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഏതായാലും എമിയുടെ വരവ് കൊൽക്കത്തയിലെ ആരാധകർക്ക് ഏറെ ഊർജ്ജം പകരുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *