എമിയുടെ വിവാദ സെലിബ്രേഷൻ,അദ്ദേഹത്തോട് അതേക്കുറിച്ച് സംസാരിക്കുമെന്ന് പരിശീലകൻ!
ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനമാണ് അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് പുറത്തെടുത്തത്. ഫൈനലിൽ അദ്ദേഹം നടത്തിയ അവിശ്വസനീയമായ സേവുകളാണ് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്.മാത്രമല്ല ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമി മാർട്ടിനസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
പക്ഷേ അതിനുശേഷം എമി മാർട്ടിനസ് ചെയ്ത സെലിബ്രേഷനുകൾ വലിയ വിവാദമായിരുന്നു.ഗോൾഡൻ ഗ്ലോവ് നേടിയതിനുശേഷം വേദിയിൽ വെച്ച് ചെയ്ത സെലിബ്രേഷനും അതുപോലെതന്നെ ഡ്രസ്സിംഗ് റൂമിലും ഓപ്പൺ ബസ് പരേഡിലും കിലിയൻ എംബപ്പേയെ അവഹേളിച്ചുകൊണ്ടുള്ള സെലിബ്രേഷനുമൊക്കെ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമായിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് ആസ്റ്റൻ വില്ല പരിശീലകനായ ഉനൈ എമരി തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.എമിയെ താൻ ഇപ്പോൾ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇവിടേക്ക് എത്തിയാൽ ആ സെലിബ്രേഷനെ കുറിച്ച് സംസാരിക്കുമെന്നുമാണ് എമരി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Unai Emery hablará con Dibu Martínez sobre su forma de celebrar. pic.twitter.com/PEdxJcNQfU
— ESPN Deportes (@ESPNDeportes) December 24, 2022
” നിങ്ങൾ വലിയ ഇമോഷനിൽ ആയിരിക്കുന്ന സമയത്ത് ചിലപ്പോൾ അതിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും.അദ്ദേഹത്തിന്റെ ചില സെലിബ്രേഷനെ കുറിച്ച് അടുത്ത ആഴ്ച ഞാൻ അദ്ദേഹവുമായി സംസാരിക്കും.ഇപ്പോൾ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.കാരണം അദ്ദേഹം ദേശീയ ടീമിനൊപ്പമാണ് ഉള്ളത്. അദ്ദേഹം തിരികെയെത്തി ഞങ്ങളോടൊപ്പം ചേർന്നാൽ ഇതേക്കുറിച്ച് ഞങ്ങൾ സംസാരിക്കുക തന്നെ ചെയ്യും ” ഇതാണ് ആസ്റ്റൻ വില്ല പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും എമിയുടെ സെലിബ്രേഷനുമായി ബന്ധപ്പെട്ട പലതരം അഭിപ്രായങ്ങളും ഫുട്ബോൾ ലോകത്ത് സജീവമാണ്. ഗംഭീരമായ വരവേൽപ്പായിരുന്നു അദ്ദേഹത്തിന്റെ ജന്മനാട്ടിൽ അർജന്റീനയുടെ ഗോൾകീപ്പർക്ക് ലഭിച്ചിരുന്നത്.