എമിയുടെ തന്ത്രങ്ങളൊന്നും ഇനി വിലപ്പോവില്ല,നിയമങ്ങൾ മാറ്റാൻ ഫിഫയും ഇഫാബും!

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടവും ഖത്തർ വേൾഡ് കപ്പ് കിരീടവും അർജന്റീനക്ക് ലഭിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് സാധിച്ചിരുന്നു. പ്രത്യേകിച്ച് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ എല്ലാം വിജയം കാണുകയായിരുന്നു. കോപ്പ അമേരിക്കയിൽ കൊളംബിയക്കെതിരെയും ഖത്തർ വേൾഡ് കപ്പിൽ ഹോളണ്ട്,ഫ്രാൻസ് എന്നിവർക്കെതിരെയും തന്റെ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ഈ അർജന്റീന ഗോൾകീപ്പർക്ക് കഴിഞ്ഞിരുന്നു.

അതായത് പലപ്പോഴും എതിർ താരങ്ങളെ മാനസികമായി തളർത്തുകയും അവരുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്ന താരമാണ് എമിലിയാനോ മാർട്ടിനസ്. പല താരങ്ങളെയും പ്രകോപിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അതുവഴി പലരും പെനാൽറ്റി പാഴാക്കുന്നതും നമ്മൾ ഒട്ടേറെ തവണ കണ്ടിട്ടുണ്ട്. ഇതിനെതിരെ വിമർശനങ്ങൾ വളരെയധികം ഉയർന്നിരുന്നുവെങ്കിലും താരത്തിന്റെ പ്രവർത്തി ഒരിക്കലും നിയമം ലംഘിക്കുന്നത് ആയിരുന്നില്ല.

പക്ഷേ ഇത്തരം കാര്യങ്ങൾക്ക് നിയന്ത്രണം വരുത്താൻ ഇപ്പോൾ ഫിഫയും ഇഫാബും ആലോചിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻസ് ബോർഡ് അഥവാ ഇഫാബാണ് ഫുട്ബോളിലെ നിയമങ്ങൾ തീരുമാനിക്കുന്നതും അതിൽ ഭേദഗതി വരുത്തുന്നതും.പെനാൽറ്റിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താൻ ഇഫാബ് ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം Tyc സ്പോർട്സും Rmc സ്പോർട്മൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമായും ഗോൾകീപ്പറുടെ പെരുമാറ്റങ്ങളിൽ നിയന്ത്രണം വരുത്താനാണ് ഇവർ ആലോചിക്കുന്നത്. പെനാൽറ്റി എടുക്കുന്ന സമയത്ത് ഗോൾകീപ്പർക്ക് ഇടപെടുന്നത് ഒഴിവാക്കുക, പെനാൽറ്റി എടുക്കുന്ന താരങ്ങളുമായി ഗോൾകീപ്പർ ഇടപഴകുന്നത് നിരോധിക്കുക എന്നിവയൊക്കെയാണ് ഇഫാബ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അതായത് പെനാൽറ്റി എടുക്കുന്നതിന് മുന്നേ ബോൾ തട്ടിത്തെറിപ്പിക്കുന്നതും വലിച്ചെറിയുന്നതും താരങ്ങളെ പ്രകോപിപ്പിക്കുന്നതുമൊക്കെ ഇനി നിരോധിക്കപ്പെട്ടേക്കും. വൈകാതെ തന്നെ ഈ വിഷയത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം പുറത്തുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *