എന്ത് വിലകൊടുത്തും കോപ അമേരിക്ക നിലനിർത്തണം:ടാപ്പിയ
വരുന്ന ജൂൺ 21ആം തീയതിയാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കമാവുക. 16 ടീമുകളാണ് ഇത്തവണ കോപ അമേരിക്ക കിരീടത്തിന് വേണ്ടി പോരാടുന്നത്.പതിവുപോലെ അർജന്റീനയും ബ്രസീലുമാണ് കിരീട ഫേവറേറ്റുകൾ.നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നുള്ളത് തന്നെയാണ്.
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായ ക്ലോഡിയോ ടാപ്പിയ തന്റെ ടീമിനെ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാർ നമ്മളാണെന്നും എന്ത് വിലകൊടുത്തും കോപ്പ അമേരിക്ക കിരീടം നിലനിർത്തണം എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. താരങ്ങളോട് താൻ സംസാരിച്ചുവെന്നും എല്ലാവരും വളരെയധികം ഹാപ്പിയാണെന്നും ടാപ്പിയ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” നിലവിലെ ചാമ്പ്യന്മാർ ഞങ്ങളാണ്.അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും കോപ്പ അമേരിക്ക ഞങ്ങൾ നേടണം.അത് ഞങ്ങൾ നിലനിർത്തേണ്ടതുണ്ട്. നിലവിൽ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുക്കാനായി താരങ്ങൾ തയ്യാറെടുക്കുകയാണ്.ഞാൻ എല്ലാ താരങ്ങളുമായും സംസാരിച്ചിരുന്നു.എല്ലാവരും വളരെയധികം ഹാപ്പിയാണ്. സൗഹൃദ മത്സരങ്ങളും കോപ്പ അമേരിക്കയും ഒളിമ്പിക്സുമാണ് ഇനി ഞങ്ങളുടെ മുന്നിലുള്ളത് ” ഇതാണ് AFA പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
കോപ്പ അമേരിക്കയ്ക്ക് മുന്നേ 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.ജൂൺ പത്താം തീയതി പുലർച്ചെ നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് ജൂൺ പതിനാലാം തീയതി ഗ്വാട്ടിമാലയെ അർജന്റീന നേരിടും.പിന്നീട് ജൂൺ 21 തീയതിയാണ് കോപ്പ അമേരിക്കയിലെ ആദ്യ മത്സരം അർജന്റീന കളിക്കുക.എതിരാളികൾ കാനഡയാണ്.