എന്ത് കൊണ്ട് ഫോയ്ത്തിനും ഒകമ്പസിനും സ്ഥാനം നഷ്ടമായി? റിപ്പോർട്ട്‌!

ഇന്നലെ കോൺമെബോൾ പ്രസിദ്ധീകരിച്ച അർജന്റീനയുടെ കോപ്പ അമേരിക്ക സ്‌ക്വാഡിൽ രണ്ട് നിർണായകതാരങ്ങൾക്ക് ഇടമില്ലായിരുന്നു. ഡിഫൻഡർ യുവാൻ ഫോയ്ത്തിനെയും സ്ട്രൈക്കെർ ലുകാസ് ഒകമ്പസിനെയുമാണ് സ്കലോണി ഒഴിവാക്കിയത്. വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കളിച്ച ഇവരുടെ ഒഴിവാക്കലുകൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നാൽ പരിക്ക് മൂലമല്ല ഇരുവരെയും ഒഴിവാക്കിയത്. മറിച്ച് ഇരുവരുടെയും മോശം പ്രകടനമാണ് സ്ഥാനം തെറിപ്പിച്ചത് എന്ന് കണ്ടെത്തിയിരിക്കുകയാണ് അർജന്റൈൻ മാധ്യമങ്ങളായ ഡയാരിയോ ഒലെയും ടിവൈസി സ്പോർട്സും.33 അംഗ സ്‌ക്വാഡ് 28 ആയി ചുരുക്കിയപ്പോഴാണ് ഇരുവർക്കും സ്ഥാനം നഷ്ടമായത്. ലുകാസ് അലാരിയോയുടെ കാര്യത്തിൽ തീരുമാനമുണ്ടായാൽ ഉടനെ ഈ സ്‌ക്വാഡ് എഎഫ്എ തന്നെ പബ്ലിഷ് ചെയ്യും.

ചിലി, കൊളംബിയ എന്നിവർക്കെതിരെ നടന്ന രണ്ട് മത്സരത്തിലും കളത്തിലിറങ്ങിയ താരമാണ് ഫോയ്ത്ത്. ചിലിക്കെതിരെയുള്ള മത്സരത്തിൽ സാഞ്ചസ് ഗോൾ നേടിയത് ഫോയ്ത്തിന്റെ അശ്രദ്ധ കാരണമായിരുന്നു. കൊളംബിയക്കെതിരെയും അത്‌ സംഭവിച്ചു. ഫോയ്ത്തിൽ നിന്നും നഷ്ടപ്പെട്ട പന്താണ് പിന്നീട് കൊളംബിയയുടെ സമനില ഗോളായി മാറിയത്. ഈ രണ്ട് പിഴവുകളാണ് സ്കലോണിയെ മാറിചിന്തിപ്പിച്ചത്. അതേസമയം ചിലിക്കെതിരെയുള്ള മത്സരത്തിൽ ഒകമ്പസിന് സ്കലോണി അവസരം നൽകിയിരുന്നുവെങ്കിലും താരത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് തന്നെ കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ താരത്തെ പരിഗണിച്ചിരുന്നില്ല. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ മിക്കതിലും കളിച്ച ഒകമ്പസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ താരത്തെയും തഴയാൻ സ്കലോണി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *